LatestThiruvananthapuram

ഡോക്ടറുടെ വേഷത്തിലെത്തി പണവും ഫോണും മോഷ്ടിച്ചു

“Manju”

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി പേവാര്‍ഡിലെ കൂട്ടിരിപ്പുകാരില്‍നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയയാള്‍ 3500 രൂപയും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു. വെഞ്ഞാറമൂട് ഇളമ്പ സ്വദേശി ഗോമതിക്കു കൂട്ടിരിക്കാനെത്തിയ ആറ്റിങ്ങല്‍ ആലുംമൂട് തൊപ്പിച്ചന്ത സ്വദേശി ലീലയുടെ പണവും ആറാം വാര്‍ഡിലെ കൂട്ടിരിപ്പുകാരനായ കുളത്തൂര്‍പ്പുഴ സ്വദേശി മണിയുടെ 24,000 രൂപ വിലയുള്ള രണ്ട് ഫോണുകളുമാണ് മോഷ്ടിച്ചത്.

മരുന്നുവാങ്ങാനും ആശുപത്രിച്ചെലവിനുമായി കരുതിയ പണമാണ് നഷ്ടമായതെന്ന് ലീല പറഞ്ഞു. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, സ്വര്‍ണം പണയം വച്ചതിന്റെ രേഖകള്‍ എന്നിവയും നഷ്ടമായി. സ്റ്റെതസ്‌കോപ്പും ഹൗസ് സര്‍ജന്റെ കോട്ടും ധരിച്ചെത്തിയയാള്‍ വെള്ളിയാഴ്ച രാത്രി 8.15-നാണ് ഗോമതിയെ പരിശോധിക്കാനെത്തിയത്. രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇയാള്‍ പോയി. ഉറങ്ങാന്‍ കിടന്നപ്പോള്‍ ഇവര്‍ വാതിലിന്റെ കുറ്റിയിട്ടിരുന്നില്ല.

ശനിയാഴ്ച പുലര്‍ച്ചെ ഗോമതി വയറുവേദനയെടുത്തു കരയുന്നതു കേട്ടാണ് ലീല എഴുന്നേറ്റത്. ഈ സമയം ഡോക്ടറുടെ വേഷത്തിലെത്തിയയാള്‍ പുറത്തേക്കു പോകുന്നതും കണ്ടു. നഴ്സിനെ വിളിക്കാനൊരുങ്ങിയതോടെ ഇയാള്‍ ഇറങ്ങി ഓടി. മെഡിക്കല്‍ കോളേജ് സുരക്ഷാവിഭാഗത്തെ കാര്യം അറിയിച്ചപ്പോള്‍ പോലീസിനെ സമീപിക്കൂ എന്നായിരുന്നു മറുപടിയെന്നും അവര്‍ ആരോപിച്ചു. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളജില്‍ നേരത്തെയും ഡോക്ടറുടെ വേഷത്തിലെത്തി മോഷണം നടത്തിയിരുന്നു.

Related Articles

Back to top button