IndiaLatest

സ്ത്രീകൾക്ക് സൗജന്യ തയ്യല്‍ മെഷീൻ

“Manju”

കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യുന്നു; ഉടന്‍തന്നെ അപേക്ഷിക്കുക, വിശദവിവരങ്ങളറിയാം

ന്യൂഡെല്‍ഹി:  കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യുന്നു.
അര്‍ഹരായ സ്ത്രീകള്‍ക്ക് അപേക്ഷ നല്‍കി തയ്യല്‍ മെഷീന്‍ സ്വന്തമാക്കാം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തെയും 50,000 സ്ത്രീകള്‍ക്ക് സൗജന്യ തയ്യല്‍ മെഷീനുകള്‍ നല്‍കുന്നു, ഇതിന് ഫീസ് ഈടാക്കുന്നില്ല.
20നും 40-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനും തയ്യല്‍ മെഷീന്‍ സൗജന്യമായി നേടാനും സ്വന്തമായി തൊഴില്‍ ആരംഭിക്കാനും കഴിയും.
ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, രാജസ്താന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രധാന്‍ മന്ത്രി സൗജന്യ തയ്യല്‍ മെഷീന്‍ പദ്ധതി ആരംഭിച്ചു. ഈ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്തി തൊഴില്‍ ആരംഭിക്കാം. ഇതിനായി അപേക്ഷ നല്‍കണം. കേരളം ഉള്‍പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ താമസിയാതെ പദ്ധതി ആരംഭിക്കും.
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സ്ത്രീകള്‍ക്ക് സൗജന്യ തയ്യല്‍ മെഷീന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിനായി ഓണ്‍ലൈനായും അപേക്ഷിക്കാം. ആദ്യം ഔദ്യോഗിക വെബ്സൈറ്റായ www(dot)india(dot)gov(dot)in ലേക്ക് പോകണം. വെബ്‌സൈറ്റിന്റെ ഹോം പേജില്‍, സൗജന്യ തയ്യല്‍ മെഷീന്‍ വിതരണത്തിന് അപേക്ഷിക്കാനുള്ള ലിങ്ക് കാണാം.
ലിങ്കില്‍ ക്ലിക് ചെയ്ത് അപേക്ഷാ ഫോമിന്റെ പിഡിഎഫ് പ്രിന്റ് ഔട്ട് എടുക്കുക. തുടര്‍ന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച്‌ ആവശ്യമായ രേഖകള്‍ ഫോമിനൊപ്പം അറ്റാച്ചുചെയ്യുക. അതിനുശേഷം ബന്ധപ്പെട്ട ഓഫീസില്‍ ഫോറം സമര്‍പ്പിക്കുക. ഉദ്യോഗസ്ഥര്‍ നിങ്ങളുടെ അപേക്ഷ സൂക്ഷ്മമായി പരിശോധിക്കും. അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് കണ്ടാല്‍ തയ്യല്‍ മെഷീന്‍ സൗജന്യമായി നല്‍കും.
സൗജന്യ തയ്യല്‍ മെഷീന്‍ ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍:
*ആധാര്‍ കാര്‍ഡ്
*ജനന സര്‍ടിഫിക്കറ്റ്
*വരുമാന സര്‍ടിഫിക്കറ്റ്
*മൊബൈല്‍ നമ്പര്‍
*പാസ്പോര്‍ട് സൈസ് ഫോട്ടോ
യോഗ്യത:
*അപേക്ഷകര്‍ ഇന്‍ഡ്യന്‍ പൗരനായിരിക്കണം
*സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ.
*അപേക്ഷകയുടെ ഭര്‍ത്താവിന്റെ വാര്‍ഷിക വരുമാനം 12,000 രൂപയില്‍ കവിയരുത്.
*വിധവകള്‍ക്കും വികലാംഗ വനിതകള്‍ക്കും അപേക്ഷിക്കാനും ആനുകൂല്യങ്ങള്‍ നേടാനും കഴിയും.

Related Articles

Back to top button