IndiaLatest

ലോകത്തെ വലിയ കോര്‍പ്പറേറ്റ് സമുച്ചയം സൂററ്റില്‍

“Manju”

സൂററ്റ് (ഗുജറാത്ത്): ലോകത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ്, കെട്ടിട സമുച്ചയമെന്ന ഖ്യാതിയോടെ വജ്രവ്യാപാര കേന്ദ്രമായ സൂററ്റ് ഡയമണ്ട് ബോഴ്സ് ഉദ്ഘാടനസജ്ജമായി. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ആണ് നിലവിലെ ഏറ്റവും വലിയ മന്ദിരം. 65 ലക്ഷം ചതുരശ്രയടിയാണ് പെന്റഗണിന്റെ വിസ്തൃതി. സൂററ്റിലെ ഖജോറില്‍ നിര്‍മ്മിച്ച മന്ദിര സമുച്ചയത്തിന് 67.28 ലക്ഷം ചതുരശ്രയടി വിസ്തൃതിയുണ്ട് . 35.54 ഏക്കറിലായി പതിനഞ്ച് നിലകള്‍ വീതമുള്ള ഒന്‍പത് ടവറുകള്‍ ചേര്‍ന്നതാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഉദ്ഘാടനം ചെയ്യുന്നതോടെ ഇന്ത്യയിലെ വജ്രവ്യാപാരത്തിന്റെ ആസ്ഥാനമായി സൂററ്റ് മാറും. നൂറ്റാണ്ടുകളായി മുംബൈയ്ക്ക് സ്വന്തമായിരുന്നു ഈ പദവി. രാജ്യത്ത് വ്യാപാരം ചെയ്യുന്ന 92 ശതമാനം വജ്രവും മിനുസപ്പെടുത്തുന്നത് സൂററ്റിലാണ്. കോടികള്‍ വിലമതിക്കുന്ന വജ്രങ്ങള്‍ 250 കിലോമീറ്റര്‍ അകലെയുള്ള മുംബൈയില്‍ എത്തിക്കാനുള്ള സാമ്പത്തിക ബാദ്ധ്യതയും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് വജ്രവ്യാപാരികളുടെ സംഘടനയും ഖജോര്‍ ഡവലപ്മെന്റ് അതോറിറ്റിയും ചേര്‍ന്ന് കോര്‍പ്പറേറ്റ് ആസ്ഥാനം നിര്‍മ്മിച്ചത്. ഹരിതകെട്ടിടത്തിനുള്ള ഉന്നതാംഗീകാരമായ പ്ളാറ്റിനം ഗ്രീന്‍ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. 2019ല്‍ നിര്‍മ്മാണം ആരംഭിച്ച സമുച്ചയത്തിലെ മുഴുവന്‍ സ്ഥലവും വജ്രനിര്‍മ്മാതാക്കളും വ്യാപാരികളും സ്വന്തമാക്കി.

ലോകവിപണിക്ക് 90 ശതമാനം വജ്രവും നല്‍കുന്നത് ഇന്ത്യയാണ്. 78.50 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് മുന്‍വര്‍ഷം നേടിയത്. 472 വജ്രനിര്‍മ്മാണ, കയറ്റുമതി സ്ഥാപനങ്ങള്‍ സൂററ്റിലുണ്ട്. സൂററ്റ് ഡയമണ്ട് ബോഴ്സ് പൂര്‍ണമായി പ്രവര്‍ത്തിക്കുമ്പോള്‍ രണ്ടു ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്.””

Related Articles

Back to top button