KeralaLatest

തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

“Manju”

കൊച്ചി ; മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച നൂറോളം ജനപ്രിയ സിനിമകളുടെ രചയിതാവ് ജോണ്‍പോള്‍ (ജോണ്‍പോള്‍ പുതുശേരി– 72) അന്തരിച്ചു. രണ്ടുമാസത്തോളമായി അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം. പാലാരിവട്ടം ആലിന്‍ ചുവടിലെ വീട്ടില്‍ ഭാര്യ ഐഷ എലിസബത്ത്. മകള്‍: ജിഷ ജിബി .

ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആരോഗ്യനില ഭേദപ്പെട്ട് വരികയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്.

നൂറിലധികം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥയെഴുതിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ സജീവമല്ലാതിരുന്ന ജോണ്‍ പോള്‍ ലക്ഷദ്വീപ് അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലൂടെ സജീവമാകാനൊരുങ്ങുകയായിരുന്നു.

വായനയും ചിന്തയും സമന്വയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ജോണ്‍ പോള്‍. ഞാന്‍, ഞാന്‍ മാത്രം എന്ന ചിത്രം മുതല്‍ കമല്‍ സംവിധാനം ചെയ്‌ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രംവരെ നീളുന്നതായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമകള്‍. വാണിജ്യസമാന്തര സിനിമകളില്‍ സമന്വയിപ്പിച്ച്‌ നിരവധി ചിത്രങ്ങള്‍ ജോണ്‍ പോള്‍ ഒരുക്കി. ചലച്ചിത്രകാരന്‍, നിര്‍മ്മാതാവ്, മാദ്ധ്യമ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച അദ്ദേഹം ഈ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ വലിയ അനുഭവ സമ്പത്ത് പങ്കുവയ്‌ക്കാന്‍ ഒരിക്കലും മടികാണിച്ചിട്ടുമില്ല.

കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പോളിന്റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് 2ലക്ഷം രൂപ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ പൊതുജനങ്ങളില്‍ നിന്നായി ചികിത്സ സഹായമായി എത്തി. മാസങ്ങളായി തുടരുന്ന ചികിത്സ മൂലം ജോണ്‍ പോളിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് പ്രേക്ഷകരുടെ സഹായത്തോടെ ഫണ്ട് സ്വരൂപിക്കാന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍ ഈ നടപടി പുരോ​ഗമിക്കുന്നതിനിടെ അദ്ദേഹം വിട വാങ്ങുകയായിരുന്നു. കാനറ ബാങ്കില്‍ ജീവനക്കാരനായിരുന്ന ജോണ് പോള്‍ പിന്നീട് ജോലി രാജിവച്ചാണ് മുഴുവന്‍ സമയതിരക്കഥാകൃത്തായി മാറിയത്.

 

 

Related Articles

Back to top button