LatestThiruvananthapuram

തലസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു

“Manju”

തിരുവനന്തപുരം: തലസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. ഇടയ്ക്കിടെയുള്ള വേനല്‍ മഴ കൊതുകുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമായി. ഇതോടെ തിരുവനന്തപുരത്ത് സാംക്രമിക രോഗങ്ങള്‍ കൂടാനും ഇടയാക്കി. ജില്ലയുടെ പലഭാഗങ്ങളും, പ്രത്യേകിച്ച്‌ കോര്‍പ്പറേഷന്‍ പരിധിയില്‍ ഡെങ്കിപ്പനി പടരുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ജില്ലയില്‍ 100ല്‍ 10 വീടുകളും കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ജനുവരി മുതല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 43 ഓളം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ജില്ലയില്‍ ആറ് ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുലയനാര്‍കോട്ട, പട്ടം, പേരൂര്‍ക്കട, പൂവാര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2017ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്തും.

മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 200 പവര്‍ സ്പ്രേയറുകളും 57 ഫോഗ് മെഷീനുകളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങിയിട്ടുണ്ട്. ബാസിലസ് സബ്റ്റിലിസ്, പൈറെത്രിന്‍, ഓര്‍ഗാനോഫോസ്ഫറസ് എന്നീ കീടനാശിനികള്‍ – കൊതുക് നശീകരണത്തിനും ഫോഗിംഗിനും ഉപയോഗിക്കുന്ന രാസവസ്തുക്കളും കോര്‍പ്പറേഷന്‍ ഇതിനകം വാങ്ങിയിട്ടുണ്ട്.

വീടുകള്‍ക്കകത്തും പുറത്തും കൊതുക് പെരുകാന്‍ ധാരാളം സ്ഥലങ്ങളുണ്ട്. അതിനാല്‍ ഗാര്‍ഹിക തലത്തിലുള്ള ഇടപെടല്‍ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വീടിനുള്ളില്‍ പെരുകുന്ന കൊതുകുകള്‍ അത്യന്തം അപകടകരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അനീഷ് ടി.എസ് പറഞ്ഞു. നിരീക്ഷണമാണ് പ്രധാനം. ടൈപ്പ് 1, 2 ഡെങ്കിപ്പനികളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാധാരണ വൈറസുകളെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button