KeralaLatest

ഷവര്‍മ്മയിലെ വിഷാംശം വില്ലനായത് ‘ഷിഗെല്ല’

“Manju”

കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിനും നിരവധി കുട്ടികള്‍ക്ക് വിഷബാധ ഏല്‍ക്കുന്നതിനും ഇടയാക്കിയ ഷവര്‍മ്മ കഴിച്ചപ്പോള്‍ ഷവര്‍മ്മയില്‍ കടന്നുകൂടിയ ഷിഗെല്ല ബാക്ടീരിയ ആണ് അപകടകാരിയായതെന്ന് സംശയം. ഴകിയതോ വൃത്തിഹീനമായതോ ആയ ഭക്ഷണ പദാര്‍ത്ഥത്തില്‍ ബാക്ടീരിയ കടന്നുകൂടി കെമിക്കല്‍ പോയിസണ്‍ ഉണ്ടാക്കും. ചെറുവത്തൂരിലെ കൂള്‍ ബാറില്‍ കുട്ടികളുടെ തിരക്ക് വര്‍ദ്ധിച്ചപ്പോള്‍ പഴയ ഷവര്‍മ്മയുടെ സ്റ്റോക്ക് മുഴുവന്‍ പുതിയതില്‍ തള്ളിയാണ് വിളമ്പിയതെന്ന് കരുതുന്നു.

സ്കൂളുകളിലെ സെന്റ് ഓഫിനും പാരലല്‍ കോളേജ് അഡ്മിഷനും വേണ്ടി ഒത്തുകൂടിയ കുട്ടികളാണ് ഷവര്‍മ്മ പ്രിയരായി ടൗണിലെ കൂള്‍ ബാറിലേക്കും ഹോട്ടലുകളിലേക്കും തിരക്കിയെത്തിയത്. ഷവര്‍മ്മ കഴിച്ച മുഴുവന്‍ കുട്ടികള്‍ക്കും അസ്വസ്ഥത ഉണ്ടായത് 24 മണിക്കൂറിനുള്ളിലാണ്. ആദ്യത്തെ ആറു മണിക്കൂര്‍ രോഗിയില്‍ ലക്ഷണം കാണിക്കുകയും അടുത്ത മണിക്കൂറുകളില്‍ ബാക്ടീരിയയുടെ ആക്രമണത്തിന്റെ ശക്തി കൂടുകയും ചെയ്യും. ശാരീരിക ക്ഷമതയില്ലാത്ത കുട്ടികളെയാണ് ഇത് എളുപ്പം ബാധിക്കുക. വിഷബാധയേറ്റ് ആശുപത്രിയില്‍ എത്തിയ മുഴുവന്‍ കുട്ടികള്‍ക്കും നൂറ്റിമൂന്ന് ഡിഗ്രിയിലധികം പനി കണ്ടെത്തിയത് ഷിഗെല്ലയുടെ ലക്ഷണമാണെന്ന് പറയുന്നു. രണ്ടു വര്‍ഷം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ ഭക്ഷ്യവിഷബാധ കേസുകളിലും സമാനമായ രീതിയില്‍ മരണം സംഭവിച്ചതായി ആരോഗ്യവകുപ്പിലെ ഉന്നതര്‍ വെളിപ്പെടുത്തുന്നുണ്ട്.

വിഷാംശം ഏറ്റ കുട്ടികളുടെ ലക്ഷണവും ഹിസ്റ്ററിയും സമാനമാണെന്ന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി സുരേശനും ചെറുവത്തൂര്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡി.ജി രമേശും പറഞ്ഞു. ഷിഗെല്ല ബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മരുന്നാണ് ചെറുവത്തൂരില്‍ വച്ചും ജില്ലാ ആശുപത്രിയില്‍ വച്ചും വിഷബാധയേറ്റ കുട്ടികള്‍ക്ക് നല്‍കിയത്.

എന്താണ് ഷിഗെല്ല‘                                                                                                   ഷിഗെല്ലവിഭാഗത്തില്‍പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷി​ഗെല്ലോസിസ്എന്ന് അറിയപ്പെടുന്നത്. ഷിഗെല്ല ബാധ എന്ന് പൊതുവേ പറയും. പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും. നിര്‍ജ്ജലീകരണമാണ് മാരകമാക്കുന്നത്. നിര്‍ജ്ജലീകരണം നിയന്ത്രിക്കാന്‍ സാധിക്കാതെ പോയാല്‍ ഗുരുതരാവസ്ഥയും മരണവും ഉണ്ടാകും. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍ പോയിസണ്‍ കാരണം മുതിര്‍ന്ന കുട്ടികളെയും രോഗം ബാധിക്കും. 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്നതാണ് ഈ ബാക്ടീരിയയെ ഭയക്കേണ്ടത്. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ രോഗത്തെ നിയന്ത്രിക്കാം.

 

Related Articles

Back to top button