KeralaLatest

പാലത്തിന് മുകളിലൂടെ ട്രെയിന്‍ കടന്നു പോകവെ കൈക്കുഞ്ഞ് പുഴയില്‍ വീണു

“Manju”

ഏലംകുളം: റെയില്‍വേ പാലത്തിനു മുകളില്‍ നില്‍ക്കവെ അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്ക് വീണ് കാണാതായ കൈക്കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു.
ഏലംകുളം മുതുകുര്‍ശി മപ്പാട്ടുകര പാലത്തില്‍ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ആരും അറിയാതെ വീട്ടില്‍ നിന്നും കൈക്കുഞ്ഞുമായി ഇറങ്ങി പോന്നതായിരുന്നു യുവതി. പാലത്തിന് അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടില്‍നിന്ന് രാത്രി ഒന്‍പതോടെ യുവതിയെയും കുഞ്ഞിനെയും കാണാതായി. വീട്ടുകാര്‍ യുവതിക്കായി അന്വേഷണം നടത്തുന്നതിനിടെ യുവതി ഒറ്റയ്ക്ക് തിരിച്ചെത്തി. കുഞ്ഞെവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ പുഴയില്‍ വീണ കാര്യം പറഞ്ഞുു.
റെയില്‍പ്പാലത്തിന് മുകളില്‍ നില്‍ക്കുമ്ബോള്‍ തീവണ്ടി വരുന്നതുകണ്ട് പാലത്തിലെ സുരക്ഷിത കവചത്തിലേക്ക് (ട്രോളിക്കൂട്) മാറി. തീവണ്ടി കടന്നുപോയപ്പോളുണ്ടായ വിറയലില്‍ കുഞ്ഞ് കൈയില്‍നിന്നു തെറിച്ച്‌ പുഴയിലേക്ക് വീണെന്ന് യുവതി പറഞ്ഞതായി ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കി. ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും സംഭവ സ്ഥലത്തെത്തി കുഞ്ഞിനായി തിരച്ചില്‍ തുടങ്ങി. വീട്ടുകാരും നാട്ടുകാരും രാത്രിതന്നെ പുഴയില്‍ തിരച്ചിലാരംഭിച്ചു. പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരുംചേര്‍ന്ന് ബുധനാഴ്ച വൈകിയും തിരച്ചില്‍ തുടരുകയാണ്.
നിലമ്ബൂരില്‍നിന്നും ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ഇതുവഴി ഗുഡ്സ് തീവണ്ടി കടന്നുപോയിരുന്നു. ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്‌ഐ. സി.കെ. നൗഷാദ്, അഗ്‌നിരക്ഷാസേന പെരിന്തല്‍മണ്ണ നിലയം ഓഫീസര്‍ സി. ബാബുരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍. പുഴയില്‍ നല്ല ഒഴുക്കുണ്ട്. യുവതിയുടെ ഭര്‍ത്താവ് ചാവക്കാട് സ്വദേശി വിദേശത്താണ്. ഇവര്‍ക്ക് ആറ് വയസുള്ള മകനുമുണ്ട്.

Related Articles

Back to top button