KeralaLatest

ഭൂപരിഷ്കരണ നിയമം ലംഘിച്ച് വീണ്ടും നിർമാണ പ്രവർത്തനങ്ങൾ

“Manju”

 

ഏലപ്പാറ: കോവിഡ് നിയന്ത്രണ സമയത്ത് ഭൂപരിഷ്കരണ നിയമം ലംഘിച്ച് ബോണാമിയിൽ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ സജീവം. തോട്ടം ഭൂമിയിലെ തേയിലച്ചെടികൾ വ്യാപകമായി നശിപ്പിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. തോട്ടം ഭൂമി തരം മാറ്റരുതെന്ന ഭൂപരിഷ്‌കരണ നിയമവും തോട്ടം ഭൂമി നിലനിർത്തണമെന്നും തേയിലച്ചെടികൾ നശിപ്പിക്കരുത് എന്നുമുള്ള ഹൈക്കോടതി ഉത്തരവും കാറ്റിൽപ്പറത്തിയാണ് നിർമ്മാണം നടക്കുന്നത്.നിർമാണങ്ങൾക്ക് തോട്ടം ഭൂമികളിൽ അനുമതി കൊടുക്കരുതെന്ന നിയമസഭാ പെറ്റീഷൻ സമിതി പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിരുന്നു. ഇത് മറികടന്ന് നിർമാണത്തിന് പഞ്ചായത്ത് അനുമതി നല്കിയതും പരാതിക്കിടയാക്കുന്നു. ബോണാമിയിൽ തോട്ടം ഭൂമി മുറിച്ച്‌ വിൽപ്പന നടത്തിയ സ്ഥലങ്ങളുടെ കരം റവന്യൂ വകുപ്പ് സ്വീകരിച്ചിരുന്നില്ല.എന്നാൽ, സ്ഥലം വാങ്ങിയവർ ഹൈക്കോടതിയെ സമീപിക്കുകയും കരം അടയ്ക്കാനുള്ള അനുമതി നേടിയെടുക്കുകയും ചെയ്തു.അതേസമയ തോട്ട ഭൂമിയിൽ നിൽക്കുന്ന തേയിലച്ചെടികൾ നിലനിർത്തണം എന്ന് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ചെടികൾ തീയിട്ട് നശിപ്പിച്ചശേഷം നിർമാണത്തിന് അനുമതി തേടുകയായിരുന്നു. ഇതിനെതിരെ കോണ്ഗ്രസ്, ബി.ജെ.പി പ്രവർത്തകർ പരാതി നൽകിയിരുന്നു. തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവരെ പരാതി അറിയിച്ചിട്ടും റവന്യൂ വകുപ്പ് ഇതുവരെ നടപടി എടുത്തില്ല.പഞ്ചായത്ത് നിർമാണത്തിന് അനുമതി നൽകിയതിനാൽ തടയാൻ കഴിയില്ലെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. മറ്റൊരു സ്ഥലം കാട്ടിയാണ് പഞ്ചായത്തിന്‍റെ അനുമതിവാങ്ങിയതെന്ന ആക്ഷേപവും നിലനിൽക്കുന്നു. പരാതികൾ കൂടിയതോടെ ബോണാമിയിലെ തോട്ടം ഭൂമിയിൽ നടന്നുവന്ന നിർമാണങ്ങൾ ഏലപ്പാറ പഞ്ചായത്ത് നിരോധിച്ചു. അപേക്ഷയിൽ സൂചിപ്പിച്ചിരുന്ന സ്ഥലത്തു നിന്നു മാറി നിർമാണം നടക്കുന്നത് ബോധ്യമായതിനെ തുടർന്നാണ്‌ പെർമിറ്റ്‌ റദ്ദാക്കിയതെന്ന്‌ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

Related Articles

Back to top button