KannurLatest

മോഷണത്തിനെത്തിയ കള്ളന്‍ കിണറ്റില്‍ വീണു

“Manju”

കണ്ണൂര്‍: ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറി കിണറ്റില്‍ വീണ കള്ളനെ രക്ഷിച്ച്‌ പൊലീസിന് കൈമാറി അയല്‍ക്കാര്‍.
കണ്ണൂര്‍ എരമം- കുറ്റൂര്‍ പഞ്ചായത്തിലെ തുമ്ബത്തടത്ത് കഴി‌ഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അനേകം മോഷണക്കേസുകളില്‍ പ്രതിയായ തളിപ്പറമ്ബ് മുയ്യം അമ്ബിലോട്ട് പുതിയപുരയില്‍ ഷെമീറാണ് (35) മോഷണശ്രമത്തിനിടെ കിണറ്റില്‍ വീണത്. നിലിവിളി കേട്ടെത്തിയ അയല്‍ക്കാര്‍ അഗ്നിശമനസേനയുടെ സഹായത്തോടെ ഷെമീറിനെ പുറത്തെത്തിച്ച്‌ പൊലീസിന് കൈമാറുകയായിരുന്നു.

തുമ്പത്തടത്ത് കേളോത്ത് പവിത്രന്‍ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്ത് മണിയോടെ ഷെമീര്‍ മോഷണത്തിനെത്തിയത്. പവിത്രന്‍ മാസ്റ്ററും ഭാര്യയും ഉച്ചയോടെ തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയത് മനസിലാക്കിയ ഷെമീര്‍ മോഷണത്തിനായി പദ്ധതിയിടുകയായിരുന്നു. സ്കൂട്ടറിലെത്തിയ ഇയാള്‍ വാഹനം സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച ശേഷം വീട്ടുവളപ്പിലേക്ക് കടന്ന് കിണറിന്റെ ആള്‍മറയില്‍ ചവിട്ടി പാരപ്പറ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.
പാരപ്പറ്റിന്റെ ഒരു ഭാഗം തകര്‍ന്നാണ് ഷെമീര്‍ കിണറിനുള്ളിലേക്ക് വീണത്. മുപ്പത് അടിയോളം ആഴമുള്ള കിണറില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. ഷെമീറിന്റെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും പ്രതിയെ വല ഉപയോഗിച്ച്‌ കരയ്ക്ക് കയറ്റുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസിന് കൈമാറിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button