IndiaLatest

തിരിച്ചുവരാന്‍ തയ്യാറെടുക്കുന്ന തമിഴ്‌പുലികള്‍

“Manju”

കൊച്ചി : രാജീവ്‌ ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന്റെ മോചനം ഇന്ത്യയിലെ എല്‍.ടി.ടി.ഇ. അനുഭാവികളില്‍ വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ടെന്നും എല്‍.ടി.ടി.ഇ.
തിരിച്ചുവരവിനു ശ്രമിക്കുകയാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌. ഇന്ത്യയിലുള്ള ശ്രീലങ്കന്‍ വംശജരുടെ ഫോണ്‍വിളികളും സാമൂഹികമാധ്യമങ്ങളും നിരീക്ഷച്ചതില്‍നിന്നു തിരിച്ചുവരാന്‍ ഏറ്റവും നല്ല സമയമാണ്‌, എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്നാണ്‌ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നു കേന്ദ്ര ഏജന്‍സികളും തമിഴ്‌നാട്‌ പോലീസിന്റെ ക്യൂ ബ്രാഞ്ചും നിരീക്ഷണം ശക്‌തമാക്കി. പേരറിവാളന്റെ മോചനം തമിഴ്‌പുലികളുടെ( എല്‍.ടി.ടി.ഇ.) അനുഭാവികളിലുണ്ടാക്കിയ ഉണര്‍വ്‌ ചെറുതല്ലെന്നാണ്‌ ഐ.ബിയുടെ നിരീക്ഷണം.
ഇന്ത്യന്‍ തീരത്തു മയക്കുമരുന്നുമായി പിടിയിലായവരെക്കുറിച്ചുള്ള അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തതോടെ എല്‍.ടി.ടി.ഇ. ബന്ധത്തിനു കൂടുതല്‍ തെളിവു ലഭിച്ചിട്ടുണ്ട്‌. മയക്കുമരുന്ന്‌- സ്വര്‍ണക്കടത്തു വഴി വന്‍തോതില്‍ പണം ശേഖരിക്കുന്നുണ്ട്‌. ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധനവും കരുതലായി ഭൂമിക്കടിയിലെ രഹസ്യഅറകളില്‍ സൂക്ഷിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്‌.
ചില സന്നദ്ധ സംഘടനകളുടെ മറവില്‍ എല്‍.ടി.ടി.ഇ അനുഭാവികളുണ്ട്‌. ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും തീവ്രവാദബന്ധം സ്‌ഥിരീകരിച്ചാല്‍ കര്‍ശനനടപടിയുണ്ടാകുമെന്നും കേന്ദ്ര എജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ഇന്ത്യയിലെ ബാങ്കുകളിലെ പണം പിന്‍വലിച്ചു പ്രവര്‍ത്തകരെ ഏകോപിപ്പിച്ചാണു തിരിച്ചുവരവെന്നാണു വിവരം.
തമിഴ്‌ പുലികള്‍ക്കുവേണ്ടി വിദേശരാജ്യങ്ങളില്‍നിന്നു സമാഹരിച്ച കോടിക്കണക്കിനു രൂപ പല അക്കൗണ്ടുകളിലായിഇന്ത്യയിലെ ബാങ്കുകളില്‍ ഇപ്പോഴുമുണ്ടെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ ലഭ്യമായ വിവരം. ഒരു ദേശസാല്‍കൃത ബാങ്കിന്റെ മുംബൈയിലെ ഫോര്‍ട്ട്‌ ശാഖയിലെ അക്കൗണ്ടിലുള്ള പണം പിന്‍വലിച്ചു കടലാസ്‌ കമ്ബനിയിലേക്കു മാറ്റാന്‍ ശ്രമിച്ചതായി എന്‍.ഐ.എ. നേരത്തെ കണ്ടെത്തിയിരുന്നു.
ശ്രീലങ്കയിലെ രാഷ്‌ട്രീയ അനിശ്‌ചിതത്വം പരമാവധി മുതലെടുക്കാനാണു ശ്രമം. കേരളമുള്‍പ്പെടെ രാജ്യത്തുള്ള സ്ലീപ്പിങ്‌ സെല്ലുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്നും ഐ.ബി. വൃത്തങ്ങള്‍ പറയുന്നു. പേരറിവാളനെ നിരപരാധിയെന്നു ന്യായീകരിച്ചും എല്‍.ടി.ടി.ഇ. നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ ബാലനായ മകനെ കൊന്നുതള്ളിയ ക്രൂരത വിവരിച്ചും അതിനു നിര്‍ദ്ദേശം നല്‍കിയ മഹിന്ദ രാജപക്ഷയുടെ ഇപ്പോഴത്തെ ദുരവസ്‌ഥ ഓര്‍മിപ്പിച്ചുമുള്ളപോസ്‌റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്‌ ഇവരാണെന്നാണു കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയുടെ (ഐ.ബി.) കണ്ടെത്തല്‍.

Related Articles

Back to top button