InternationalLatest

പെട്രോള്‍ കിട്ടാത്തതിനാല്‍ കുഞ്ഞിനെ രക്ഷിക്കാനായില്ല

“Manju”

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയില്‍ ആഴ്ന്ന ശ്രീലങ്കയില്‍ പെട്രോള്‍ ക്ഷാമം രൂക്ഷമാണ്. വിദേശ നാണ്യശേഖരത്തില്‍ ഗണ്യമായ ഇടിവ് വന്നതോടെയാണ് ശ്രീലങ്കയ്ക്ക് എണ്ണവാങ്ങാന്‍ കഴിയാതെ വരുന്നത്.
എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് വിവരിക്കുകയാണ് ഒരു ഡോക്ടര്‍. അസുഖം ബാധിച്ച കുഞ്ഞിനെ പെട്രോള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും, ചികിത്സ കിട്ടാതെ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു എന്നുമാണ് കുറിപ്പിലുള്ളത്. സെന്‍ട്രല്‍ ഹൈലാന്‍ഡ്സ് മേഖലയിലാണ് സംഭവം.
ദിയതലാവ ആശുപത്രിയിലെ ജുഡീഷ്യല്‍ മെഡിക്കല്‍ ഓഫീസര്‍ ഷനക റോഷന്‍ പതിരണയാണ് രാജ്യത്തെ പെട്രോള്‍ ക്ഷാമം രണ്ട് വയസുള്ള കുഞ്ഞിന്റെ ജീവനെടുക്കാന്‍ കാരണമായതെന്ന് കുറിപ്പെഴുതിയത്. ഷനക റോഷനാണ് മരണപ്പെട്ട കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയാണ് ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്ത ഹല്‍ദാമുല്ല. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമായിരുന്നു കുഞ്ഞിനുണ്ടായിരുന്നത്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചുവെങ്കിലും ഇന്ധനക്ഷാമം രൂക്ഷമായതോടെ കുഞ്ഞിന്റെ പിതാവ് മണിക്കൂറുകളോളം പെട്രോളിനായി അലഞ്ഞു നടന്നു. ഒടുവില്‍ കുഞ്ഞിനെ ഹല്‍ദാമുല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സമയത്ത് എത്തിക്കാതിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടാത്തതിനാല്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന നിരാശ മാതാപിതാക്കളുടെ ഓര്‍മ്മകള്‍ എന്നും അവരെ വേട്ടയാടുമെന്ന് ഡോക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതി.

Related Articles

Back to top button