LatestThiruvananthapuram

കിഴക്കമ്പലത്തെ നൊമ്പരക്കാഴ്ച

“Manju”

മൂവാറ്റുപുഴ: ഉടമയായ ഉറ്റചങ്ങാതിയെ തിരഞ്ഞ് അവന്‍ പഠിച്ചിരുന്ന സ്‌കൂളിലെ ക്ലാസ് മുറികളില്‍ തിരഞ്ഞു നടക്കുന്ന ഒരു നായ നൊമ്പരക്കാഴ്ചയായി മാറുകയാണ്.ഉടമയായ വീട്ടുകാര്‍ നായയെ ഉപേക്ഷിച്ചു മറ്റൊരിടത്തേക്കു താമസം മാറിയത് അറിയാതെയാണ് തന്റെ ഉടമയെ തിരഞ്ഞ് നായ ക്ലാസ് മുറിയില്‍ എത്തുന്നത്.

സ്‌കൂള്‍ തുറക്കുന്ന സമയമാകുമ്പോള്‍ പതിവായി അവന്‍ ക്ലാസില്‍ എത്തും. ക്ലാസ് മുറികളില്‍ കുട്ടികളുടെ അടുത്തു ചെന്നു മുഖത്തേക്കു സൂക്ഷിച്ചു നോക്കി ചങ്ങാതിയെ തിരയും, തന്റെ ഉടമയെ കണ്ടെത്താന്‍. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നായയുടെ സാമീപ്യം പ്രശ്‌നമായതോടെ നായയെ ഇപ്പോള്‍ സ്‌കൂളിനു സമീപം കെട്ടിയിട്ടിരിക്കുകയാണ്. മൃഗസ്‌നേഹികളുടെ സംഘടനയായ മൂവാറ്റുപുഴ ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ നായയുടെ ഉടമയെ തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കിഴക്കമ്പലം ബത്ലഹേം ദയറ ഹൈസ്‌കൂളിലാണ് നായ ചങ്ങാതിയെ തേടി പതിവായെത്തുന്നത്. വളര്‍ത്തിയിരുന്നവര്‍ കിഴക്കമ്പലത്തെ വീടു വിറ്റ് ആലപ്പുഴയിലേക്ക് താമസം മാറിയപ്പോള്‍ നായയെ ഇവിടെ ഉപേക്ഷിക്കുകയായിരുന്നു.വീട്ടിലെ കുട്ടി പഠിച്ചിരുന്നത് ദയറ ഹൈസ്‌കൂളിലാണ്. സ്‌കൂളിലേക്കു കുട്ടി പോകുമ്പോള്‍ പിന്തുടര്‍ന്നിരുന്ന നായയ്ക്കു സ്‌കൂള്‍ കൃത്യമായി അറിയാമായിരുന്നു. ഇതാണു കുട്ടിയെ തേടി നായ സ്‌കൂളില്‍ എത്താന്‍ കാരണമെന്നാണു സ്‌കൂളിലെ പരിചയമുള്ള കുട്ടികളും അദ്ധ്യാപകരും പറയുന്നത്.സ്‌കൂളിലെ കുട്ടികളുമായി നായ സൗഹൃദത്തിലാണെങ്കിലും നായയുടെ സ്ഥിരം സാമീപ്യം സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതോടെയാണ് ദയയുടെ പ്രവര്‍ത്തകരെ സ്‌കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടത്. നായയെ വളര്‍ത്തിയിരുന്ന കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു ദയ കോഓര്‍ഡിനേറ്റര്‍ അമ്പിളി പുരയ്ക്കല്‍ പറഞ്ഞു. ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നായയെ ഏറ്റെടുക്കാന്‍ തയാറുള്ളവര്‍ക്ക് അതിനെ കൈമാറുമെന്നും അമ്പിളി പറഞ്ഞു.

 

Related Articles

Back to top button