LatestThiruvananthapuram

പഴവര്‍ഗങ്ങള്‍ വാങ്ങാനെത്തിയ യുവാക്കള്‍ വിലകേട്ട് കച്ചവടക്കാരനെ വെട്ടി

“Manju”

കാട്ടാക്കട: കഞ്ചാവ് ലഹരിയില്‍ യുവാക്കള്‍ കടയുടമയെ വെട്ടി. കാട്ടാക്കട കള്ളിക്കാട് ജംഗ്ഷനില്‍ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന വീരണകാവ് കല്ലാമം പുലിപ്പാറ തടത്തരികത്ത് വീട്ടില്‍ രാജനാണ് (42) യുവാക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാജനെ വെട്ടിയ ​കോട്ടൂര്‍ നെല്ലിക്കുന്ന് സ്വദേശി രാജീവിനെ (25)​ നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്: രാത്രി 9.20 ഓടെ കടയിലെത്തിയ രാജീവും സുഹൃത്തും ആപ്പിളും ഓറഞ്ചും ആവശ്യപ്പെട്ടു. പഴങ്ങള്‍ എടുത്ത് നല്‍കിയ ശേഷം രാജന്‍ പണം ചോദിച്ചപ്പോള്‍ യുവാക്കള്‍ വില കൂടുതലാണെന്ന് പറഞ്ഞ് തര്‍ക്കിച്ചു. ഇതിനിടെ രാജീവ് തന്റെ കൈയിലുണ്ടായിരുന്ന വടിവാളെടുത്ത് രാജനെ വെട്ടുകയായിരുന്നു. മുതുകിലും കൈകളിലും തുടയിലും വെട്ടേറ്റ രാജന്റെ നിലവിളി കേട്ട് നാട്ടുകാരും സമീപത്തെ കടകളിലുള്ളവരും ഓടിയെത്തി രാജീവിനെ കീഴ്‌പ്പെടുത്തി. ഇതിനിടെയാണ് കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടത്. 2021ല്‍ നെല്ലിക്കുന്ന് കോളനിയില്‍ പ്രതികളെ പിടിക്കാന്‍ എത്തിയ പൊലീസിനെ ആക്രമിച്ച കേസില്‍ ഇവര്‍ രണ്ടുപേരും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രാജനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആക്രമണത്തെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു. ഇന്ന് കള്ളിക്കാട്ട് ഹര്‍ത്താല്‍ ആചരിക്കും.

Related Articles

Back to top button