IndiaLatest

ഗഗന്‍യാനില്‍ ബഹിരാകാശ യാത്രികര്‍ തിരുവനന്തപുരത്തെത്തി

“Manju”

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശപദ്ധതിയായ ഗഗന്‍യാന്റെ തയ്യാറെടുപ്പുകളുടെ വിശകലനത്തിനും ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെത്തും.

ഗഗന്‍യാന്‍ പദ്ധതിയില്‍ ബഹിരാകാശത്തേക്കയക്കുന്ന യാത്രികര്‍ ആരൊക്കെയെന്നത് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി നാല് യാത്രികരും വി.എസ്.എസ്.സി.യില്‍ എത്തിയിട്ടുണ്ട്. പത്തരയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വിമാനമിറങ്ങുക.

ഗഗന്‍യാനില്‍ യാത്രികരിലൊരാളായി മലയാളിയുമുണ്ടെന്ന് സൂചനയുണ്ട്. ബഹിരാകാശ യാത്രികര്‍ക്കായുള്ള പരിശീലനം നേടിയ നാലുപേരില്‍ ഒരാള്‍ സുഖോയ്- 30 പൈലറ്റായ പ്രശാന്ത് നായരാണെന്നാണ് അനൗദ്യോഗിക വിവരം. ഇദ്ദേഹമായിരിക്കും ഗഗന്‍യാന്‍ യാത്രാസംഘത്തിന്റെ കമാന്‍ഡറെന്നാണ് വിവരം. യാത്രയ്ക്കായി ഇന്ത്യന്‍ വ്യോമസേനയില്‍നിന്ന് നാലുപേരെ മൂന്നുവര്‍ഷം മുമ്പുതന്നെ തിരഞ്ഞെടുത്തെങ്കിലും ഇസ്രോ ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വെക്കുകയായിരുന്നു.

2025 അവസാനത്തോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനാകുമെന്നാണ് ഐ.എസ്.ആര്‍.ഒ. കരുതുന്നത്. വ്യോമമിത്ര എന്ന റോബോട്ടിനെ ബഹിരാകാശത്ത് എത്തിക്കുന്നത് ഇക്കൊല്ലം അവസാനം ഉണ്ടാകുമെന്നും കരുതുന്നു. തുടര്‍ന്നുള്ള രണ്ട് പരീക്ഷണദൗത്യങ്ങള്‍ക്കുശേഷമാകും ഗഗന്‍യാന്‍ പദ്ധയില്‍ മനുഷ്യനെ ഉള്‍പ്പെടുത്തുക.

വി.എസ്.എസ്.സി., സതീഷ് ധവാന്‍ സ്‌പെയ്സ് സെന്റര്‍, ഐ.പി.ആര്‍.സി. മഹേന്ദ്രഗിരി എന്നിവിടങ്ങളിലുള്ള മൂന്നുപദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും.

Related Articles

Back to top button