InternationalLatest

പാകിസ്ഥാനില്‍ ഒരുലിറ്റര്‍ പെട്രോളിന് 233 രൂപ

“Manju”

കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന പാകിസ്ഥാനില്‍ ജനജീവിതം വീണ്ടും ദുസ്സഹമാക്കി പെട്രോള്‍, ഡീസല്‍ വിലകള്‍ കുത്തനെ കൂട്ടി. ഒരുലിറ്റര്‍ പെട്രോളിന് 24 രൂപയാണ് (പാക് രൂപ) കൂട്ടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 233.89 രൂപയായി. ഡീസലിന് 16.31 രൂപ വര്‍ദ്ധിപ്പിച്ചതോടെ ലിറ്ററിന് വില 263.31 രൂപയാണ്.

മണ്ണെണ്ണ വിലയും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 20 ദിവസത്തിനിടെ മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധനവില ഉയര്‍ത്തുന്നത്. രാജ്യാന്തര വിപണിയിലെ ഉയര്‍ന്ന വിലയാണ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നാണ് ധനമന്ത്രി മിഫ്താ ഇസ്മായില്‍ പറയുന്നത്. വിലവര്‍ദ്ധനവിനെതിരെ പലയിട‌ത്തും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്.
കടുത്ത ധനക്കമ്മിയാണ് പാകിസ്ഥാന്‍ നേരിടുന്നത്. ഇമ്രാന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇതിലേക്ക് എത്തിച്ചതെന്നാണ് നിലവിലെ സര്‍ക്കാര്‍ പറയുന്നത്.

ഇമ്രാന്‍ ഖാന്‍ അധികാരത്തിലിരുന്ന അവസാന നാളുകളില്‍ പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തിയതോടെ എണ്ണയ്ക്ക് സബ്സിഡി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. രാജ്യം വന്‍ പ്രതിസന്ധിയിലകപ്പെടാതിരിക്കാന്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയും വര്‍ദ്ധനവുണ്ടായേക്കും എന്നാണ് കരുതുന്നത്. ഇന്ധന സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് ഐഎംഎഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.സബ്‌സിഡി എടുത്തുകളയാന്‍ സമ്മതിച്ചാല്‍ ഫണ്ട് അനുവദിക്കാന്‍ തയ്യാറാണെന്ന് അവര്‍ അറിയിക്കുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ സര്‍ക്കാര്‍ പണി പതിനെട്ടും പയറ്റുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ജനങ്ങളോട് ചായ കുടി കുറയ്ക്കാന്‍ ആസൂത്രണ മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാന്‍. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 4680 കോടി രൂപയ്ക്ക് രാജ്യത്ത് ചായപ്പൊടി ഇറക്കുമതി ചെയ്തെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ചായ കുടി കുറച്ച്‌ ചെലവ് നിയന്ത്രിക്കാമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടുവച്ചത്. ചായ കുടിക്കുന്നത് ഒന്നോ രണ്ടോ കപ്പെങ്കിലും കുറയ്ക്കാന്‍ രാജ്യത്തോട് അഭ്യര്‍ത്ഥിക്കുകയാണെന്നും നിലവില്‍ കടമെടുത്താണ് ചായപ്പൊടി ഇറക്കുമതി ചെയ്യുന്നതെന്നുമാണ് അഹ്‌സന്‍ ഇഖ്ബാല്‍ പറഞ്ഞത്.

ഊര്‍ജ്ജ ക്ഷാമം പരിഹരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘനാളായി വൈദ്യുതി മുടക്കം രാജ്യത്ത് പതിവാണ്. ഇപ്പോള്‍ ഇത് 12 മണിക്കൂര്‍ വരെ നീട്ടിയത് തൊഴിലാളികളെയടക്കം വലിയൊരു വിഭാഗത്തെ ബാധിച്ചിരിക്കുന്നു. പല സംസ്ഥാനങ്ങളിലും 12 മണിക്കൂര്‍ വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button