KeralaLatest

യുവാക്കള്‍ അഗ്നിപഥില്‍ ചേരണം ,മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവച്ച് രാമാനന്ദ്

“Manju”

കൊച്ചി: അഗ്നിപഥിനെക്കുറിച്ചുള്ള വിവാദങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്നതിനിടെ ആര്‍മിയുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവം തുറന്ന് പറഞ്ഞ് യുവ എഴുത്തുകാരന്‍ ആ‌ര്‍.രാമാനന്ദ്. യുവാക്കള്‍ ഈ അവസരം വിനിയോഗിക്കണം എന്നാണ് തനിക്ക് പറയാനുള്ളതെന്ന് രാമാനന്ദ് കുറിച്ചു.

സൈനിക സേവനത്തെ മറ്റു ജോലികളെക്കാള്‍ മഹത്വവത്കരിച്ച്‌ കൊണ്ടല്ല പറയുന്നതെന്നും ആ പ്രായത്തിലുള്ള ഒരു ശരാശരി യുവാവിന് എത്തി പിടിക്കാവുന്ന ഏറ്റവും നല്ല അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. നടന്‍ മോഹന്‍ലാലിനൊപ്പമുള്ള അനുഭവവും രാമാനന്ദ് പങ്കുവച്ചിട്ടുണ്ട്.

ആര്‍. രാമനാഥന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:                                                                     പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞു സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കാലത്താണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാം എന്ന ആഗ്രഹം ഉദിച്ചത്. ടെറിട്ടോറിയല്‍ ആര്‍മി തെരഞ്ഞെടുക്കാന്‍ കാരണം രണ്ടുമാസം സൈനിക സേവനവും ബാക്കിയുള്ള സമയം ആദായകരമായ മറ്റു ജോലികളും ചെയ്യാമെന്നുള്ള സൗകര്യമായിരുന്നു . എന്നെ സംബന്ധിച്ച്‌ രണ്ടുവര്‍ഷം സിവില്‍ സര്‍വീസ് പഠനകാലയളവില്‍ എല്ലാവര്‍ഷവും രണ്ടുമാസം ആര്‍മിയില്‍ സേവനമനുഷ്ഠിച്ച്‌ ബാക്കിയുള്ള സമയം പഠിക്കാം എന്നുള്ള പദ്ധതിയായിരുന്നു മനസ്സില്‍. ടെറിട്ടോറിയല്‍ ആര്‍മിയില്‍ അപ്ലൈ ചെയ്തു ബാംഗ്ലൂര്‍ ദേവനഹള്ളിയിലെ പാരാറെജിമെന്റ് ടെയ്നിംഗ് കേന്ദ്രത്തില്‍ എഴുത്തു പരീക്ഷ നടന്നു . പൊരിവെയിലില്‍ ഒരു മൈതാനത്ത് കസേരകളും മേശകളും ഇട്ട്, ഒരു പന്തല്‍ പോലും മറച്ചു കെട്ടാതെ ആയിരുന്നു പരീക്ഷ. ഉച്ച നേരത്തെ ആ വെയില്‍ താപമേറ്റ് ബോധരഹിതരായ രണ്ടുമൂന്നു പേരെ ഞാന്‍ ഓര്‍ക്കുന്നു. ആ സന്ദര്‍ഭം തന്നെ ഇനിയുള്ള അഗ്നിപഥം എങ്ങനെ ആയിരിക്കും എന്ന ഒരു സൂചന പോലെ എനിക്കനുഭവപ്പെട്ടു കൊണ്ടിരുന്നു. റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ സെലക്ടട് ആയി.

18 ഫെബ്രുവരി 2012 ന് ദക്ഷിണ മേഖലയുടെ സൈനിക ആസ്ഥാനമായ പൂണെ സതേണ്‍ കമാന്‍ഡ് പേഴ്സണല്‍ ഇന്‍റര്‍വ്യൂ ബോര്‍ഡിന്റെ മുമ്പില്‍ ഹാജരാവണം. ടെറിട്ടോറിയല്‍ ആര്‍മി ആയതുകൊണ്ട് പ്രായത്തില്‍ ഏറ്റവും ചെറിയ ആള്‍ ഞാന്‍ ആയിരുന്നു എന്നു കരുതണം. ആര്‍മി അതിലെ എല്ലാ ആഥിത്യ മര്യാദയോടും കൂടെയാണ് ഞങ്ങളെ സ്വീകരിച്ചത്. ഇന്‍റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ ഞാന്‍ ചെന്നിരുന്നു, പട്ടാളത്തിലെ ഉയര്‍ന്ന രണ്ടു ഉദ്യോഗസ്ഥരും (റാങ്ക് ഞാനോര്‍ക്കുന്നില്ല) ഒരു സിവിലിയന്‍ ( സൈക്കോളജിസ്റ്റ് ആണ് എന്നാണ് എന്റെ ഓര്‍മ്മ) അഭിമുഖത്തിനു ഇരുന്നു. അവര്‍ എന്നോട് എന്തിനാണ് ആര്‍മിയില്‍ ചേരുന്നത് എന്നാണ് ആദ്യം ചോദിച്ചത്, ഞാന്‍ പറഞ്ഞു എനിക്ക് സൈനികനായി രാഷ്ട്രത്തെ സേവിക്കാന്‍ താല്പര്യമുണ്ട് എന്നാണ്. ഉടനെ അവര്‍ ചോദിച്ചു അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ടെറിട്ടോറിയല്‍ ആര്‍മി തെരഞ്ഞെടുത്തത്, നിങ്ങളുടെ പ്രായം വച്ച്‌ , വിദ്യാഭ്യാസം വെച്ച്‌ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (CDS) നോക്കാമായിരുന്നില്ലേ. സത്യത്തില്‍ എന്റെ പദ്ധതി രണ്ടുമാസം സര്‍വീസും ബാക്കിസമയം സിവില്‍ സര്‍വീസ് പഠനവും ആയിരുന്നല്ലോ. ഒടുവില്‍ ഞാന്‍ ആ സത്യം അവരോട് പറഞ്ഞു. അവര്‍ ചിരിച്ചു, നിങ്ങള്‍ കമ്മീഷന്‍ഡ് ആകുമ്പോള്‍ നിങ്ങള്‍ ലഫ്റ്റനന്‍റ് ആണ്, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രായം വെച്ച്‌ ബ്രിഗേഡിയര്‍ വരെ ആകാന്‍ സാധിക്കും പിന്നെ എന്തിന് സിവില്‍സര്‍വീസ് എന്നാണ്? പക്ഷേ അന്നത്തെ എന്റെ ബോധ്യം എന്നെ പൂര്‍ണസമയ പട്ടാളക്കാരന്‍ ആകുന്നതില്‍ നിന്ന് വിലക്കി. ഞാന്‍ സതേണ്‍ കമാന്‍ഡില്‍ നിന്ന് പടിയിറങ്ങി . വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ ചെല്ലുന്നത് അനിയന് ആര്‍മി മെഡിക്കല്‍ സര്‍വീസില്‍ ചേരാനുള്ള പരീക്ഷയുടെ സമയത്താണ്. സതേണ്‍ കമാന്‍ഡ്, ചിലപ്പോഴൊക്കെ തോന്നും ഒരു നഷ്ടമായിരുന്നു എന്ന്, ഇനിയും പോകാന്‍ സാധിക്കും ഒരുപക്ഷേ ഇനിയും ഞാന്‍ ജോയിന്‍ ചെയ്തെന്നും വരാം. അതൊക്കെ ആര്‍ക്കറിയാം.

മാനന്തവാടിയിലെ ഹില്‍ബ്ലൂംസ് സ്കൂളില്‍ ഞാന്‍ പ്ലസ്ടുവിന് പഠിപ്പിച്ച അര്‍ജുന്‍ പ്രദീപ് ഒരാഴ്ച മുമ്പ് എന്നെ വിളിച്ചിരുന്നു. പരിചിതമല്ലാത്ത ഒരു നമ്പറില്‍ നിന്ന് വന്ന് ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്ത് തലയ്ക്ക് കേട്ടത് സാര്‍ ഞാന്‍ ക്യാപ്റ്റന്‍ അര്‍ജുന്‍ പ്രദീപ് ആണ് എന്നാണ്, കേള്‍ക്കുമ്പോള്‍ അതില്‍ ഒരു വലിയ സുഖമുണ്ട്, അഭിമാനമുണ്ട്. അന്ന് ലെഫ്റ്റനന്റ് ആയി ഞാന്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് മേജര്‍ ആകേണ്ട സമയമായി എന്നൊര്‍ക്കുമ്പോള്‍ ഒരു ചെറിയ നഷ്ട്ടബോധവും .

അഗ്നിപഥിനെ കുറിച്ച്‌ വിവാദങ്ങള്‍ കത്തിപ്പടരുന്ന സമയത്ത് എനിക്ക് പറയാനുള്ളത് യുവാക്കള്‍ ഈ അവസരം വിനിയോഗിക്കണം എന്നാണ് . സൈനിക സേവനത്തെ മറ്റു ജോലികളെക്കാള്‍ മഹത്വവത്കരിച്ച്‌ കൊണ്ടല്ല പറയുന്നത്. ആ പ്രായത്തിലുള്ള ഒരു ശരാശരി യുവാവിന് എത്തി പിടിക്കാവുന്ന ഏറ്റവും നല്ല അവസരമാണിത് എന്നതുകൊണ്ടാണ്. വെറുതെ കിട്ടുന്നതല്ല അര്‍ഹതയുള്ളവര്‍ മത്സരിച്ച്‌ നേടേണ്ടതാണത്. എന്റെ സുപിരിയര്‍ ആയിരുന്ന മേജര്‍ സ്റ്റാന്‍ലി ജോണ്‍സണ്‍ അന്ന് പറഞ്ഞ ഒരു കാര്യമുണ്ട് “ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ആര്‍മിയിലെ ഓഫീസര്‍മാരുടെ അനുപാതം വളരെ കുറവാണ്, ഓരോ വര്‍ഷവും SSB കളിലൂടെ ആയിര കണക്കിന് മത്സരാര്‍ത്ഥികള്‍ ഓഫീസറാവാന്‍ മത്സരിക്കുന്നുണ്ട്, ഒരാളെ പോലും തിരഞെടുക്കാത്ത SSB കളുണ്ടാവു , പട്ടാളം അര്‍ഹതയില്ലാത്ത ഒരാളെയും ഒഴിവു നികത്താനായി തിരഞ്ഞെടുക്കില്ല “. അതുകൊണ്ട് സൈന്യത്തില്‍ ആരെങ്കിലും നുഴഞ്ഞ് കയറുമെന്ന് ഓര്‍ത്ത് ആരും ദു:ഖിക്കേണ്ട.

ഒരു അനുഭവം കൂടെ പങ്കുവയ്ക്കാം . ലാലേട്ടന്റെ ഒപ്പമുള്ള ഒരു അനുഭവമാണിത്.                       ഒടിയന്റെ ഷൂട്ട് വാരണാസിയില്‍ നടക്കുന്ന സമയത്ത് തിരിച്ചു നാട്ടിലേക്കുള്ള ഫ്ലൈറ്റ് കയറാന്‍ ഞങ്ങള്‍ പുറപ്പെടുകയായിരുന്നു. രണ്ടു കാറുകള്‍ ഉണ്ടായിരുന്നു. ആദ്യത്തേതില്‍ ലാലേട്ടന്റെ സഹായികളും മറ്റുള്ളവരും, പുറകിലത്തെ കാറില്‍ ലാലേട്ടന്റെ ഒരു സുഹൃത്തും ഞാനും ലാലേട്ടനും ആയിരുന്നു ഉണ്ടായിരുന്നത്. എയര്‍പോര്‍ട്ടിലെത്തി നോക്കുമ്ബോള്‍ ലാലേട്ടന്റെ കയ്യില്‍ ഐഡി കാര്‍ഡില്ല, ഐഡി കാര്‍ഡുമായി ലാലേട്ടന്റെ സഹായി ലിജു മുന്നേ അകത്തേക്ക് കയറി പോയിരുന്നു. ലാലേട്ടന്‍ കുറേ തിരഞ്ഞു ഒരു ഐഡി കാര്‍ഡും കയ്യിലില്ല, (ലാലേട്ടന് കേരളത്തില്‍ അതാവശ്യമുണ്ടോ എന്ന് തന്നെ സംശയമാണ്) തിരച്ചിലിനൊടുവില്‍ കിട്ടിയത് ലെഫ്റ്റനന്റ് കേണല്‍ എന്ന സൈന്യത്തിന്റെ ഐഡി കാര്‍ഡ് ആയിരുന്നു ലാലേട്ടന്‍ അത് കാണിച്ചു. സിനിമയില്‍ ലാലേട്ടനു സല്യൂട്ട് കിട്ടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും . പക്ഷേ ഒട്ടും പരിചയമില്ലാത്ത ആ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാര്‍ നാലുപേര്‍ ഐഡി കണ്ട ഉടനെ അദ്ദേഹത്തിനെ ബ്രേസ് ചെയ്ത രോമാഞ്ചം ഉണ്ടാക്കുന്ന ഒരു കാഴ്ചയായിരുന്നു ഞാന്‍ അന്ന് കണ്ടത്. ലെഫ്റ്റ് കേണല്‍ മോഹന്‍ലാല്‍ അകത്തേക്ക് കയറി വന്നു എന്നോട് ചോദിച്ചു നിങ്ങള്‍ക്കും കിട്ടുമായിരുന്നില്ലേ സല്യൂട്ട് എന്ന്.

അഗ്നിവീരന്മാര്‍ സൈനിക സേവനത്തിന് ശേഷം തിരിച്ചു നാട്ടിലേക്ക് വരുമ്പോള്‍ അറിയാം രാജ്യം അവരെ എങ്ങനെ ആദരിക്കും എന്ന്. നിര്‍ബന്ധിതമല്ല, സ്വന്തം ഇഷ്ടപ്രകാരം ജീവിതത്തിലെ മൂന്നുനാലു വര്‍ഷം എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

Related Articles

Back to top button