KeralaLatest

നീണ്ടകര ആശുപത്രിയില്‍ ആക്രമണം ; 3 പ്രതികളും പിടിയില്‍

“Manju”

കൊല്ലം ;നീണ്ടകര ആശുപത്രി ആക്രമണ കേസിലെ മൂന്ന് പ്രതികളും പൊലീസ് പിടിയില്‍. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

നീണ്ടകര താലൂക്ക് ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ് ആക്രമിച്ചിരിക്കുന്നത്. അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. പൊലീസ് കമ്മീഷണറെ വിളിച്ച്‌ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നീണ്ടകര താലൂക്കാശുപത്രിയില്‍ മാരകായുധങ്ങളുമായി അക്രമികള്‍ എത്തിയത് മാസ്‌ക് വെക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ്. കഴിഞ്ഞ 19 ന് പ്രതിയായ വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തിയപ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിയും സുഹൃത്തുക്കളും ആരോഗ്യപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ജീവനക്കാര്‍ പറഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു മര്‍ദ്ദനം.

അതേസമയം, പ്രതികളെ പിടികൂടിയില്ലെങ്കില്‍ ജില്ല മുഴുവന്‍ സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ വ്യക്തമാക്കിയിരുന്നു. ചികിത്സാനിഷേധം ഉണ്ടായിട്ടില്ലെന്നും മാസ്‌ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും കെജിഎംഒഎ വ്യക്തമാക്കി.

താലൂക്ക് ആശുപത്രിയിലെ ഗുണ്ടാ ആക്രമണം അപലപനീയമാണെന്ന് ചവറ എംഎല്‍എ ഡോ. സുജിത്ത് വിജയന്‍പിള്ള പ്രതികരിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് നേരെ നിരന്തരം ആക്രമണം ഉണ്ടാകുന്നുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും എംഎല്‍എ അറിയിച്ചു.

Related Articles

Back to top button