സ്റ്റേഡിയത്തില്‍ സ്റ്റാന്‍ഡ് തകര്‍ന്നുവീണു
ഗോള്‍: ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ഗോള്‍ ടെസ്റ്റിന്റെ രണ്ടാംദിനം കനത്ത മഴയിലും കാറ്റിലും സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡ് തകര്‍ന്നുവീണു. ഗോളിലെ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂരയാണ് കാറ്റില്‍ പൂര്‍ണമായും നിലംപൊത്തിയത്. എന്നാല്‍ മേല്‍ക്കൂര തകര്‍ന്നപ്പോള്‍ കാണികള്‍ ഗാലറിയിലില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
കനത്ത മഴകാരണം ഗോള്‍ ടെസ്റ്റ് രണ്ടാംദിനം ആരംഭിക്കുന്നത് വൈകുകയാണ്. പ്രാദേശിക സമയം രാവിലെ 10 മണിക്കായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. മത്സരം ആരംഭിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മുതല്‍ മഴ തകര്‍ത്തുപെയ്യുകയായിരുന്നു. ഇതിനൊപ്പം കനത്ത കാറ്റും ആഞ്ഞുവീശി.
മൈതാനം പൂര്‍ണമായും ഗ്രൗണ്ട് സ്റ്റാഫ് മൂടിയെങ്കിലും ഗാലറിയുടെ മേല്‍ക്കൂര തകര്‍ന്നത് വലിയ ആശങ്കയുണ്ടാക്കി. മൈതാനത്ത് വിരിച്ചിരിക്കുന്ന ടാര്‍പോളീന്‍ ഷീറ്റുകള്‍ കാറ്റില്‍ പറക്കാതിരിക്കാന്‍ ടയറുകള്‍ മുകളില്‍ നിരത്തിയിരിക്കുകയാണ്. മത്സരം പുനരാരംഭിക്കുന്നതിന് മുമ്പ് മേല്‍ക്കൂര എങ്ങനെ ഉറപ്പിക്കാമെന്ന പ്രയത്നത്തിലാണ് ഒഫീഷ്യലുകള്‍.