KeralaLatest

റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് വാടകയ്ക്ക് ബൈക്കുകളും

“Manju”

കൊച്ചി : കേരളത്തില്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് ബൈക്കുകള്‍ വാടകയ്‌ക്ക് കൊടുക്കുന്ന സംവിധാനം ആരംഭിച്ചു. എറണാകുളം ജംഗ്ഷന്‍, ടൗണ്‍ റെയില്‍വേ സ്റ്റേഷനുകളിലാണ് റെന്റ് ഐ ബൈക്ക് സംവിധാനം ആരംഭിച്ചത്. വൈകാതെ തിരുവനന്തപുരം, കൊച്ചുവേളി, കഴക്കൂട്ടം, കൊല്ലം, വര്‍ക്കല, ചെങ്ങന്നൂര്‍, കോട്ടയം, തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കും. ബൈക്കുകള്‍ കൂടാതെ സ്‌കൂട്ടറുകളും വാടകയ്‌ക്ക് ലഭിക്കും.

വാടകയ്‌ക്ക് എടുക്കുന്ന ബുള്ളറ്റിന് ഒരു മണിക്കൂറിന് (10 കിലോമീറ്റര്‍) 192 രൂപയാണ് വാടക. 10 കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഓരോ കിലോമീറ്ററിനും 5 രൂപ വീതം നല്‍കണം. 2 മണിക്കൂറിന് 230 (20 കിലോമീറ്റര്‍), 3 മണിക്കൂറിന് 358 (30 കിലോമീറ്റര്‍) എന്നിങ്ങനെയാണ് നിരക്ക്. സ്‌കൂട്ടറുകള്‍ക്ക് ഒരു മണിക്കൂറിന് 128 രൂപയാണ് വാടക. 2 മണിക്കൂറിന് 192 രൂപ, 3 മണിക്കൂറിന് 256 രൂപ എന്നിങ്ങനെ വര്‍ദ്ധിക്കും. സെക്യൂരിറ്റി ഡെപ്പോസിറ്റ് എടുക്കാതെ തന്നെ ബൈക്ക് വാടകയ്‌ക്ക് എടുക്കാന്‍ സാധിക്കും.

ആധാര്‍ കാര്‍ഡ്, ലൈസന്‍സ് എന്നിവ ഹാജരാക്കി വാഹനങ്ങള്‍ വാടകയ്‌ക്ക് എടുക്കാം, ww.ceferides.com എന്ന വെബ്‌സൈറ്റ് വഴി ഈ രേഖകള്‍ അപ് ലോഡ് ചെയ്ത് മുന്‍കൂട്ടി ബുക്ക് ചെയ്യാം. പദ്ധതി നടപ്പാക്കാനുള്ള കരാര്‍ ഇവിഎം ആണ് നേടിയിരിക്കുന്നത്.

തണ്ടര്‍ബോള്‍ട്ട്, ക്ലാസിക്, സ്റ്റാന്റേര്‍ഡ് 500, ആക്ടീവ എന്നീ വാഹനങ്ങളാണ് ഇപ്പോള്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ലഭ്യമാകുകയെന്ന് ഇവിഎം ഡിജിഎം രാകേഷ് പറഞ്ഞു. വൈകാതെ ഇവിടെ ഇലക്‌ട്രിക് സ്‌കൂട്ടറും ലഭ്യമാക്കും. ടിക്കറ്റ് കൂടാതെ റെയില്‍വേയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. റെന്റ് എ ബൈക്ക് സ്‌കീം വഴി ലൈസന്‍സ് ഫീ ഇനത്തില്‍ റെയില്‍വേയ്‌ക്കു പ്രതിവര്‍ഷം 10 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍.

Related Articles

Back to top button