InternationalLatest

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പുതിയ സീസണിന് ഇന്ന് തുടക്കം

“Manju”

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പുതിയ സീസണിന് ഇന്ന് തുടക്കം. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും ഇറ്റാലിയൻ കരുത്തരായ യുവന്റസും തമ്മിലുള്ള പോരാട്ടമാണ് ആദ്യദിനത്തിലെ പ്രധാന മത്സരം. സെവിയ്യ–മാഞ്ചസ്റ്റർ സിറ്റി, സെൽറ്റിക്–റയൽ മാഡ്രിഡ്, ചെൽസി–ഡെെനാമോ സാഗ്രെബ് മത്സരങ്ങളും ഇന്ന് നടക്കും.

ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം കൊതിക്കുന്ന പിഎസ്ജി ഇക്കുറി ഒരുങ്ങിത്തന്നെയാണ്. കിലിയൻ എംബാപ്പെ–ലയണൽ മെസി–നെയ്മർ സഖ്യം ചരിത്രംകുറിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ക്രിസ്റ്റഫ് ഗാൾട്ടിയർ എന്ന പരിശീലകനുകീഴിൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജി തോൽവിയറിയാതെ കുതിക്കുകയാണ്.

നെയ്മറാണ് ഇക്കുറി പിഎസ്ജിയുടെ കുന്തമുന. അവസാന മത്സരത്തിലൊഴികെ നെയ്മർ കളിയിൽ നിർണായക സ്വാധീനമുണ്ടാക്കി. ഗോളടിക്കാനും അടിപ്പിക്കാനും മുമ്പിലാണ്. എംബാപ്പെയും ഗോളടിക്കുന്നു. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച്‌ മെസി മികവുകാട്ടുന്നുണ്ട്. ഇതിനിടെ മധ്യനിരയുടെ മോശം കളിയാണ് പിഎസ്ജിക്ക് തലവേദന. ഗ്രൂപ്പ് എച്ചിലാണ് മുഖാമുഖം. പാരിസാണ് വേദി. ഇന്ത്യൻസമയം രാത്രി 12.30നാണ് മത്സരം.

യുവന്റസ് പഴയ പ്രതാപത്തിലല്ല. ഇറ്റാലിയൻ ലീഗിൽ അഞ്ച് കളിയിൽ രണ്ട് ജയംമാത്രമാണ് അവർക്ക്. ഗ്രൂപ്പ് ജിയിൽ സെവിയ്യക്കെതിരെ ഇറങ്ങുമ്പോൾ എർലിങ് ഹാലണ്ടിലാണ് സിറ്റിയുടെ പ്രതീക്ഷകൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടിച്ചുകൂട്ടുന്ന ഹാലണ്ട് ചാമ്പ്യൻസ് ലീഗിലും ആ മികവ്‌ തുടർന്നാൽ സിറ്റിക്ക് കുതിക്കാം.

സെവിയ്യക്ക് സ്പാനിഷ് ലീഗിൽ മികച്ച തുടക്കമല്ല. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ഗ്രൂപ്പ് എഫിൽ കാര്യങ്ങൾ എളുപ്പമാണ്. സ്പാനിഷ് ലീഗിൽ മികച്ച തുടക്കമാണ് കരിം ബെൻസെമയുടെ സംഘത്തിന്. സാൽസ്ബുർഗ്–എസി മിലാൻ, ബൊറൂസിയ ഡോർട്മുണ്ട്–കോപൻഹേഗൻ എന്നീ മത്സരങ്ങളും ഇന്ന് നടക്കും.

Related Articles

Back to top button