LatestThiruvananthapuram

സ്ത്രീകള്‍ക്ക് സ്വയം തൊഴിലിനായി ‘സ്വാശ്രയ’

“Manju”

തിരുവനന്തപുരം : തീവ്രമായ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ സംരക്ഷിക്കുന്ന സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കാനുള്ള ഒറ്റത്തവണ ധനസഹായ പദ്ധതിയാണ് സ്വാശ്രയ. ജീവിതത്തില്‍ പല കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകള്‍ക്കാണ് പദ്ധതി ഉപകരിക്കുക. ഒരേസമയം ശാരീരിക മാനസിക വെല്ലുവിളികള്‍ അനുഭവപ്പെടുന്നവരുടെ ദൈനംദിന കാര്യങ്ങളില്‍ പോലും മുഴുവന്‍ സമയ പിന്തുണ നല്‍കേണ്ടതായി വരികയും ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്യേണ്ട സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

സ്വാശ്രയ പദ്ധതി വഴി 35,000 രൂപയായാണ് ധനസഹായമായി ലഭിക്കുക. അപേക്ഷക ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവരായിരിക്കണം. 70 ശതമാനമോ അതില്‍ കൂടുതലോ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെയാകണം സംരക്ഷിക്കുന്നത്. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍, ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിവാഹമോചനം നേടുകയോ ഭര്‍ത്താവില്‍ നിന്ന് സഹായം ലഭിക്കാത്ത സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് പദ്ധതി വഴി ധനസഹായം ലഭിക്കും.

മാതാവും പിതാവുമില്ലാത്ത 70 ശതമാനമോ അതിനു മുകളിലോ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ സംരക്ഷിക്കുന്ന ബന്ധുക്കളായ സ്ത്രീകള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ആശ്വാസകിരണം പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും സ്വാശ്രയ പദ്ധതിവഴി ഗുണം ലഭിക്കും. സ്വയംതൊഴില്‍ സംബന്ധിച്ച വിശദ പ്രോജക്‌ട് റിപ്പോര്‍ട്ട് സഹിതം അപേക്ഷകള്‍ അതത് ജില്ലാ സാമൂഹികനീതി ഓഫിസര്‍ക്ക് സമര്‍പ്പിക്കണം.

Related Articles

Back to top button