KeralaLatest

‘ഥാര്‍’ഇനി ‘ഗീതാഞ്ജലി’യില്‍

“Manju”

അങ്ങാടിപ്പുറം: ഗുരുവായൂർ ദേവസ്വത്തിന് വീണ്ടും ലേലം ചെയ്യേണ്ടി വന്ന മഹീന്ദ്ര ഥാർ വാഹനം അങ്ങാടിപ്പുറത്തെ ‘ഗീതാഞ്ജലി’യിൽ എത്തി. ദുബായിലെ ബിസിനസുകാരനായ കമല നഗറിലെ ‘ഗീതാഞ്ജലി’യിലെ വിഘ്നേഷ് വിജയകുമാറാണ് വാഹനം വാങ്ങിയത്.
വിഘ്നേഷിന്‍റെ അച്ഛൻ കുന്നത്ത് വിജയകുമാറും അമ്മ വള്ളിക്കാട്ട് ഗീതയും രാവിലെ ഏഴുമണിയോടെ ഗുരുവായൂരിലെത്തി ദർശനം കഴിഞ്ഞ് വാഹനം കൈമാറുന്ന ചടങ്ങിനായി ദേവസ്വം ഓഫീസിൽ എത്തി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എ.കെ.രാധാകൃഷ്ണൻ, ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ വാഹനം പൂജിച്ച ശേഷം ഡ്രൈവര്‍ രാമകൃഷ്ണനാണ് ഥാര്‍ വീട്ടിലെത്തിച്ചത്.
2018 ഡിസംബർ 9ന് മഹീന്ദ്ര ഗുരുവായൂരപ്പന് ഒരു ഥാർ വാഹനം വാഗ്ദാനം ചെയ്തിരുന്നു. 18നാണ് ദേവസ്വം വാഹനം ലേലം ചെയ്തത്. അടിസ്ഥാന വിലയായ 15 ലക്ഷം രൂപയേക്കാൾ 10,000 രൂപ അധികം വിലയ്ക്കാണ് ലേലം നടന്നത്. എന്നാൽ ലേല നടപടികൾ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സേവാകേന്ദ്രം ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന്, ആദ്യ ലേലം റദ്ദാക്കുകയും പിന്നീട് വീണ്ടും ലേലം ചെയ്യുകയും ചെയ്തു. ആകെ 14 പേരാണ് ലേലത്തിൽ പങ്കെടുത്തത്. വിഘ്നേഷിന്‍റെ അച്ഛൻ വിജയകുമാർ, കമ്പനി ജനറൽ മാനേജർ അനൂപ് അരീക്കോട്ട് എന്നിവർ ലേലത്തിൽ പങ്കെടുത്തു.

Related Articles

Back to top button