IndiaLatest

മുക്താ‍ര്‍ അബ്ബാസ് നഖ്‌വി ഉപരാഷ്ട്രപതി സ്ഥാനാ‍ര്‍ത്ഥിയായേക്കും

“Manju”

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി മുക്താ‍ര്‍ അബ്ബാസ് നഖ്‌വി രാജിവച്ചു. കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രിയായ നഖ്‌വി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിസമ‍ര്‍പ്പിച്ചത്.

ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരായ മുക്താ‍‍ര്‍ അബ്ബാസ് നഖ്‌വിയേയും ആ‍ര്‍.സി.പി സിംഗിന്റെയും പ്രവ‍ര്‍ത്തനങ്ങളെ അനുമോദിച്ചിരുന്നു. ഇതിന് പിന്നാലെ, ഇരുവരും രാജിവയ്ക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. രാജ്യസഭയിലെ ബിജെപി പ്രതിനിധിയായ മുക്താ‍ര്‍ അബ്ബാസ് നഖ്‌വിയുടേയും ജെഡിയു പ്രതിനിധിയായ ആര്‍.സി.പി സിംഗിന്റെയും കാലാവധി ഇന്ന് അവസാനിക്കുകയാണ്. മുതിര്‍ന്ന ബിജെപി നേതാവായ നഖ്‌വി രാജ്യസഭാ ഉപനേതാവ് കൂടിയാണ്. അതേസമയം, മുക്താ‍ര്‍ അബ്ബാസ് നഖ്‌വി ഉപരാഷ്ട്രപതി സ്ഥാനാ‍ര്‍ത്ഥിയായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്.

ഭരണകക്ഷിയായ എന്‍ഡിഎയില്‍ നാല് പേരെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. ഇവരെല്ലാം ന്യൂനപക്ഷ വിഭാഗഗത്തില്‍ നിന്നുള്ളവരാണ്. മുസ്ലീം സമുദായത്തില്‍ നിന്ന് മൂന്ന് പേരും സിഖ് വിഭാഗത്തില്‍ നിന്ന് ഒരാളും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ സ്ഥാനമായ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോ‍ര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ 16-ാം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ചൊവ്വാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച്‌ ജൂലൈ 19 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ കേന്ദ്രമന്ത്രി നജ്മ ഹെപ്‌തുള്ള എന്നിവരുടെ പേരുകള്‍ ബിജെപി നേതൃത്വം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. അതേസമയം, ജെഡി (യു) ക്വാട്ടയില്‍ നിന്നുള്ള മോദി മന്ത്രിസഭയിലെ മന്ത്രിയാണ് ആ‍ര്‍സിപി സിംഗ്. ബിജെപിയുമായി പരിധി വിട്ട് അടുപ്പം കാണിക്കുന്നു എന്ന പേരില്‍ ജെഡിയുവിന് ഉള്ളില്‍ ആ‍ര്‍സിപി സിംഗിനെതിരെ വലിയ വിമ‍ര്‍ശനമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പാര്‍ട്ടി പിന്‍വലിക്കുന്നത്.

Related Articles

Back to top button