Auto

ഇന്ത്യയിൽ വീണ്ടും ബുക്കിം​ഗ് ആരംഭിച്ച് മിനി കൂപ്പർ

“Manju”

വീണ്ടും ബുക്കിം​ഗ് ആരംഭിച്ച് മിനി ഇന്ത്യ. തങ്ങളുടെ കൂപ്പർ SE യുടെ ബുക്കിം​ഗാണ് കമ്പനി വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് മിനി കൂപ്പർ SE ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചത്. 47.20 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ വില. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ വിപണിയ്‌ക്കായി എത്തിച്ച 30 വഹാനങ്ങളും വിറ്റുപോയിരുന്നു. ഇപ്പോൾ വീണ്ടും ബുക്കിം​ഗിനായി ഔദ്യോഗിക വെബ്‌സൈറ്റ് തുറന്നിരിക്കുകയാണ് കമ്പനി. 40 വാഹനങ്ങൾക്കായുള്ള ബുക്കിം​ഗാണ് ആരംഭിച്ചിരിക്കുന്നത്. 50.90 ലക്ഷം രൂപയാണ് മിനി കൂപ്പർ SE യുടെ എക്സ്ഷോറും വില. കൂപ്പറിന്റെ രൂപകല്പനയിലെ എല്ലാ പരമ്പരാഗത ഘടകങ്ങളും നിലനിർത്തിക്കൊണ്ടും വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, യൂണിയൻ ജാക്ക്-തീം എൽഇഡി ടെയിൽ-ലാമ്പുകൾ, പരിചിതമായ ആ സിലൗറ്റ് എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് തന്നെയാണ് പുതിയ വാഹനവും.

ആദ്യം കമ്പനി നൽകിയതിലും അധിക വിലയാണ് വാഹനത്തിനിപ്പോൾ ഉള്ളത്. എന്നാൽ വിലയ്‌ക്കൊത്ത് പുതിയ സവിശേഷതകളും കാറിനുണ്ട്. അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, താക്കോൽ എടുക്കാതെ കാർ ലോക്ക്/അൺലോക്ക് ചെയ്യാനുള്ള കംഫർട്ട് ആക്‌സസ് സിസ്റ്റം, ഡ്രൈവിംഗ് & പാർക്കിംഗ് അസിസ്റ്റന്റ് ഫീച്ചർ എന്നിവ ഉൾപ്പെടെയുള്ള പുതിയ സംവിധാനങ്ങൾ കൂടി കൂപ്പർ SEയിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ത്രീ-ഡോർ ഇലക്ട്രിക് ഹാച്ച്ബാക്കിന് പുതിയ സ്പോർട്സ് സീറ്റുകൾ, അപ്ഹോൾസ്റ്ററി, ഡ്രൈവർക്കും മുൻനിരയിലെ യാത്രക്കാർക്കും സീറ്റ് ഹീറ്റിംഗ് ഫംഗ്ഷൻ എന്നിവയും പുതിയ വാഹനത്തിലുണ്ട്.

32.6 kWh ലിഥിയം-അയൺ ബാറ്ററിയാണ് മിനി കൂപ്പര്‍ SE യ്‌ക്കുള്ളത്. ഒറ്റ ചാർജിൽ 270 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഹനം വാഗ്‍ദാനം ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശ വാദം. ബാറ്ററി പായ്‌ക്ക് 181 bhp കരുത്തും 270 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിന് 7.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. ഇലക്‌ട്രോണിക് പരിമിതമായ വാഹനത്തിന്റെ ഉയർന്ന വേ​ഗത 150 കി.മീറ്ററാണ്.

Related Articles

Back to top button