Auto

ടാറ്റ പഞ്ചിന്റെ ക്രാഷ് ടെസ്റ്റ് ഫലം പുറത്തുവിട്ടു

“Manju”

ടാറ്റയുടെ കുഞ്ഞൻ എസ്.യു.വിയുടെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്. ഗ്ലോബൽ എൻസി‌എപി നടത്തിയ ടാറ്റ പഞ്ചിന്റെ ക്രാഷ് ടെസ്റ്റ് ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. സുരക്ഷയുള്ള കാറുകൾ ഇറക്കുന്നതിൽ അഭിനന്ദനീയമായ വിജയം കൈവരിച്ച ടാറ്റ പുതിയ കാറായ പഞ്ചിലും പ്രതീക്ഷ തെറ്റിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

മുതിർന്നവരുടെ സുരക്ഷയിൽ ഫൈവ് സ്റ്റാർ റേറ്റിംഗാണ് പഞ്ച് നേടിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയിൽ മികച്ച റേറ്റിംഗായ ഫോർ സ്റ്റാറും പഞ്ചിന് ലഭിച്ചിട്ടുണ്ട്. രണ്ട് എയർ ബാഗുകളുള്ള ടാറ്റ പഞ്ചാണ് പരീക്ഷണത്തിന്‌ തെരഞ്ഞെടൂത്തത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷയുള്ള കാറുകളുടെ നിർമ്മാതാക്കളായ ടാറ്റ മാറുന്നുവെന്ന് ഗ്ലോബൽ എൻ.സി.എ.പി സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യുറസ് പറഞ്ഞു. സുരക്ഷയുള്ള കാർ നിർമ്മിക്കുന്നതിലെ വൈദഗ്‌ദ്ധ്യം ടാറ്റ തുടരുമെന്നും നേതൃസ്ഥാനത്തെത്തുമെന്നുമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡ്രൈവർക്കും കൂടെ ഇരിക്കുന്ന യാത്രക്കാരനും കഴുത്തിനും തലയ്‌ക്കും നല്ല സുരക്ഷ പഞ്ച് നൽകുന്നുണ്ട്. ഇരു യാത്രക്കാരുടേയും നെഞ്ചും ആഘാതത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു. ഇരുവരുടെയും കാൽ മുട്ടുകൾക്കും നല്ല സുരക്ഷ പഞ്ചിൽ ലഭിക്കുന്നുണ്ട്. പഞ്ചിന്റെ ബോഡി ഇടിയുടെ ആഘാതത്തെ പ്രതിരോധിച്ചു കൊണ്ട് സ്ഥിരത നൽകുന്നുവെന്നും ടെസ്റ്റ് ഫലം വ്യക്തമാക്കുന്നു.പുറം തിരിഞ്ഞാണ് പഞ്ചിൽ കുട്ടികളുടെ സീറ്റ് ക്രമീകരിക്കാൻ കഴിയുന്നത്. കുട്ടികളുടെ തലയ്‌ക്കും നെഞ്ചിനും ആവശ്യമായ സുരക്ഷ പഞ്ച് നൽകുന്നുണ്ടെന്ന് ക്രാഷ് ടെസ്റ്റിൽ തെളിഞ്ഞു.

മുതിർന്നവരുടെ സുരക്ഷയിൽ 17 ൽ 16.45 പോയിന്റാണ് ടാറ്റ പഞ്ച് നേടിയത്. കുട്ടികളുടെ സുരക്ഷയിൽ 49 ൽ 40.89 പോയിന്റും പഞ്ചിന് നേടാൻ കഴിഞ്ഞു. മണിക്കൂറിൽ 64 കിലോമീറ്റർ വേഗതയിലായിരുന്നു ക്രാഷ് ടെസ്റ്റ് നടത്തിയത്.സുരക്ഷയുള്ള കാറുകൾ നിർമ്മിക്കുന്നതിൽ വിപ്ലവകരമായ മാറ്റമാണ് ടാറ്റ കൊണ്ടുവന്നത്. നെക്സോണിലൂടെയായിരുന്നു കമ്പനി ഇതിന് തുടക്കമിട്ടത്. പിന്നീട് വന്ന ടാറ്റ കാറുകളെല്ലാം സുരക്ഷയുടെ കാര്യത്തിൽ വലിയ ശ്രദ്ധയാണ് നൽകുന്നത്. ഇതോടെ വിൽപ്പനയിലും വൻ മുന്നേറ്റമാണ് ടാറ്റ നേടിയത്.

Related Articles

Back to top button