LatestThiruvananthapuram

കുട്ടികള്‍ക്ക് ദേശീയ ധീരതാ അവാര്‍ഡിന് അപേക്ഷിക്കാം

“Manju”

തിരുവനന്തപുരം : കുട്ടികള്‍ക്കായുള്ള ധീരതാ പ്രവര്‍ത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന ദേശീയ ധീരതാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നല്‍കണം. സംഭവം നടക്കുമ്പോള്‍ ആറിനും 18 വയസിനുമിടയ്ക്കുള്ള അര്‍ഹരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ തിന്‍മകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയില്‍ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകള്‍ പറ്റുമെന്നതൊന്നും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്പദമായ സംഭവങ്ങള്‍ക്കാണ് അവാര്‍ഡ്. 2021 ജൂലൈ ഒന്നിനും 2022 സെപ്റ്റംബര്‍ 30നും ഇടയിക്കായിരിക്കണം സംഭവം. 2021 ജൂലൈ ഒന്നിന് മുന്‍പുള്ള ആറ് മാസത്തെ കാലയളവില്‍ നടന്ന ധീര സംഭവങ്ങളും അനുയോജ്യമെന്ന് കണ്ടാല്‍ പരിഗണിക്കും. അതു കൂടി ഉള്‍പ്പെട്ടാവും അവാര്‍ഡ് പ്രഖ്യാപനം.

സ്വര്‍ണ്ണം, വെള്ളി മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് പുറമേ ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡുള്ള ഭരത് അവാര്‍ഡ് 75,000 രൂപ വീതമുള്ള ധ്രുവ മാര്‍ക്കേണ്ഡയ, ശ്രവണ്‍, പ്രഹ്‌ളാദ്, ഏകലവ്യ, അഭിമന്യു എന്നീ പേരുകളിലുള്ളതും 40,000 രൂപയുടെ ജനറല്‍ അവാര്‍ഡുകളുമടക്കം 25 ദേശീയ ബഹുമതികളാണ് ദേശീയ തലത്തില്‍ നല്‍കുന്നത്. മെഡലും അവാര്‍ഡിന് പുറമേ അര്‍ഹത നേടുന്ന കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും തുടര്‍ന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് സ്‌കോളര്‍ഷിപ്പുകളും ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വഹിക്കും. ജേതാക്കള്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ദേശീയ ധീരതാ അവാര്‍ഡ് ജേതാക്കളെ സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന സംസ്ഥാന ധീരതാ അവാര്‍ഡിനും പരിഗണിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഡോ. ഷിജൂഖാന്‍ അറിയിച്ചു.

അപേക്ഷാ ഫോറം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ www.iccw.co.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സംസ്ഥാന ശിശുക്ഷേമ സമിതിയിലും ഫാറം ലഭ്യമാണ്. ഇതിനായി 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറില്‍ അഡ്രസ്സ് സഹിതം അയക്കണം. പൂരിപ്പിച്ച അപേക്ഷ, അവാര്‍ഡിനര്‍ഹമായ പ്രവൃത്തി സംബന്ധിച്ച്‌ ഇംഗ്ലീഷില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇതു സംബന്ധിച്ച പത്രവാര്‍ത്തകള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്തത് മറ്റ് അനുബന്ധ രേഖകളും മൂന്ന് പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൂന്ന് സെറ്റ് കോപ്പികള്‍ ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്.പി., തിരുവനന്തപുരം– 695014 എന്ന വിലാസത്തില്‍ അയക്കണം.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറില്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 15 ആണ്. അതിനാല്‍ അവാര്‍ഡിന് വേണ്ടിയുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 15നു മുമ്പ് സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ ലഭിക്കണം. സംസ്ഥാന ശിശുക്ഷേമ സമിതിയായിരിക്കും ദേശീയ അവാര്‍ഡിന് ശുപാര്‍ശ ചെയ്യുക. അപേക്ഷ അയയ്ക്കുന്ന കവറിന് മുകളില്‍ National Bravery Award for Children-2022 എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324939, 2324932, 9447125124 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Related Articles

Back to top button