Uncategorized

പരിതാപകരമായ പാകിസ്ഥാന്‍

“Manju”

പാകിസ്ഥാനിലെ സാമൂഹികസ്ഥിതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും കഴിഞ്ഞവര്‍ഷം രാജ്യത്തെ തകര്‍ത്തുകളഞ്ഞ പ്രളയത്തിലൂടെയും രൂക്ഷമാകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

പുതുവര്‍ഷം രാജ്യത്തിന് പ്രതീക്ഷകളൊന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നത് ജനങ്ങള്‍ക്ക് അമര്‍ഷത്തിനും സമരങ്ങള്‍ക്കും കാരണമായില്ലെങ്കിലേ അത്ഭുതമുള്ളൂ. രാജ്യത്തെ പലപ്രദേശങ്ങളിലും ഗോതമ്ബ് ഉത്‌പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും നേരിടുന്ന കടുത്ത ക്ഷാമവും വിലക്കയറ്റവും, അതിനെതുടര്‍ന്നുള്ള ജനങ്ങളുടെ പരക്കംപാച്ചിലിലും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. ശ്രീലങ്ക കഴിഞ്ഞവര്‍ഷം കടന്നുപോയതിനു സമാനമായ സ്ഥിതി രൂപപ്പെട്ടുവരുന്നു എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.

ഇതിനിടയില്‍ ഇക്കഴിഞ്ഞ ദിവസം പാക്കിസ്ഥാനു വേണ്ടി ജനീവയില്‍ വച്ച്‌ നടന്ന അന്താരാഷ്ട്രസമ്മേളനത്തിന് പല മാദ്ധ്യമങ്ങളും വാര്‍ത്താ പ്രാധാന്യം നല്‍കാതെ പോയത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. കാലാവസ്ഥാ മാറ്റം കൊണ്ട് പ്രളയം തകര്‍ത്ത പാകിസ്ഥാനിലെ സമ്ബദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും പിന്തുണയും വേണമെന്ന ആഹ്വാനത്തോടെയാണ് സമ്മേളനം സമാപിച്ചത്. യു.എന്‍ സെക്രട്ടറി ജനറല്‍ ഉള്‍പ്പടെ വലിയൊരുനിര നേതാക്കള്‍ സമ്മേളനത്തിനെത്തുകയും പാകിസ്ഥാന് സഹായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു. സമ്ബദ് വ്യവസ്ഥ പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് നീങ്ങുമ്ബോഴാണ് 2022ല്‍ പ്രളയം പാകിസ്ഥാനെ തകര്‍ത്തത്. 1700 ഓളം പേരുടെ ജീവനെടുക്കുകയും 80 ദശലക്ഷം പേരെ സ്വന്തം കിടപ്പാടം നഷ്‌ടപ്പെട്ടവരാക്കുകയും ചെയ്ത പ്രളയത്തിന്റെ നഷ്ടം മൂന്ന് ബില്യണ്‍ ഡോളര്‍ ആണെന്നാണ് പാകിസ്ഥാനിലെ വിദഗ്ദ്ധര്‍ പറയുന്നത്. മൊത്തം സമ്ബദ് വ്യവസ്ഥയില്‍ ഇതിന്റെ നാലിരട്ടിയോളം ആഘാതമുണ്ടാക്കുകയും ചെയ്തു.

2019ല്‍ ഐ.എം.എഫുമായി പാകിസ്ഥാന്‍ ഒരു ഉടമ്ബടിയില്‍ ഏര്‍പ്പെട്ടിരുന്നു. ഏഴ് ബില്യണ്‍ ഡോളര്‍ വരെയുള്ള സഹായം ഇതിന്റെ ഭാഗമായിരുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും വിദേശകടവും കൊണ്ട് പൊറുതിമുട്ടിയ സമ്ബദ് വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരണമെങ്കില്‍ തെറ്റായ സാമ്ബത്തികനയങ്ങള്‍ തിരുത്തേണ്ടി വരുമെന്നും, നിര്‍ണായക മേഖലകളില്‍ കടുത്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും ഐ.എം.എഫ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രളയം എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു. .എം.എഫിന്റെ കല്‌പനകള്‍ അനുസരിക്കാത്ത പാക്കിസ്ഥാന് തുടര്‍ന്ന് സഹായം നല്‍കാന്‍ വിസമ്മതിച്ചു. ഇന്ധനവില ഉയര്‍ത്താനും നികുതി വര്‍ദ്ധിപ്പിക്കാനും മറ്റുമുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പ്രളയത്തില്‍ മുങ്ങിയ പാകിസ്ഥാനു കഴിയുമായിരുന്നില്ല. പ്രതിസന്ധികളില്‍ ഇരതേടുന്ന ഐ.എം.എഫിനുണ്ടോ ഇതിനെയെല്ലാം ഉള്‍ക്കൊള്ളാനുള്ള സന്മനസ്സ്? അങ്ങനെയായിരുന്നെങ്കില്‍ ലോകത്തിലെ എത്രയോ പട്ടിണി രാജ്യങ്ങള്‍ കരകയറുമായിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ കൊണ്ടുതന്നെ പാകിസ്ഥാന്റെ വിദേശ കരുതല്‍ശേഖരം ആറ് ബില്യണ്‍ ഡോളറിന്റെ താഴേക്ക് വന്നു. ഡിസംബറില്‍ ഇത് 5.5 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. ശ്രീലങ്കയില്‍ രൂക്ഷമായ സ്ഥിതിവിശേഷം ഇതുപോലുള്ള സാഹചര്യത്തിലാണ് ഉണ്ടായത്. പാകിസ്ഥാന് ഇപ്പോള്‍ മൂന്നാഴ്ചക്കാലത്തെ ഇറക്കുമതിക്ക് ആവശ്യമായ പണമേ കരുതല്‍ശേഖരത്തില്‍ ഉള്ളൂ. വിദേശകടത്തിന്റെ തിരിച്ചടവ്, അത്യാവശ്യ മരുന്നുകളുടേയും ഭക്ഷ്യവസ്തുക്കളുടേയും ഇറക്കുമതി തുടങ്ങിയവയെല്ലാം അവതാളത്തിലാകാന്‍ പോകുന്നു എന്നാണ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ 30 വര്‍ഷക്കാലത്തെ ഏറ്റവും രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്. അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ രാജ്യം കൊടുത്തുതീര്‍ക്കേണ്ട വിദേശകടബാദ്ധ്യത എട്ട് ബില്യണ്‍ ഡോളറിന്‌ മേലെയാണ്. ഈ സന്ദര്‍ഭത്തിലാണ് പാകിസ്ഥാന്‍ വിദേശരാജ്യങ്ങളെയും അന്താരാഷ്ട്ര സ്ഥാപനങ്ങളെയും ആശ്രയിക്കാന്‍ തീരുമാനിച്ചത്. ഏറ്റവും അടുത്ത് കിടക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലേക്കാണ് ആദ്യം ഭരണാധികാരികള്‍ തിരിഞ്ഞത്. സൗദി അറേബ്യയോട് പാകിസ്ഥാന്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ സഹായമാണ് അഭ്യര്‍ത്ഥിച്ചത്.

ജനുവരി ഒന്‍പതിന് ജനീവയില്‍ നടന്ന അന്താരാഷ്ട്രസമ്മേളനം യു.എന്‍ സെക്രട്ടറി ജനറലുമായി ചേര്‍ന്നാണ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഐ.എം.എഫ് പ്രതിനിധികളെ വരെ ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുത്തു. ചുരുക്കത്തില്‍ നാല്പതിലേറെ രാജ്യങ്ങളില്‍ നിന്നായി ഒന്‍പത് ബില്യണ്‍ ഡോളര്‍ സഹായവാഗ്ദാനം കിട്ടിയതായി പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യ ഒരു ബില്യണ്‍ ഡോളറും അമേരിക്ക 100 മില്യണ്‍ഡോളറും ഫ്രാന്‍സ് 345 മില്യണ്‍ ഡോളറും ചൈന 100 മില്യണ്‍ ഡോളറും ജപ്പാന്‍ 77 മില്യണ്‍ ഡോളറും ജര്‍മനി 88 മില്യണ്‍ ഡോളറും യൂറോപ്യന്‍ യൂണിയന്‍ 93 മില്യണ്‍ ഡോളറും ലോകബാങ്ക് രണ്ട് ബില്യണ്‍ ഡോളറും സഹായം വാഗ്ദാനം ചെയ്തു. കൂടാതെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് തുടങ്ങിയവയും സഹായം വാഗ്ദാനം ചെയ്തു.

സമ്മേളനത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞത് പാകിസ്ഥാന്‍ കാലാവസ്ഥാ ദുരന്തത്തിന്റേയും ധാര്‍മ്മികത നഷ്ടപ്പെട്ട ആഗോള സാമ്ബത്തിക വ്യവസ്ഥിതിയുടേയും ഇരയാണെന്നാണ്. വാസ്തവത്തില്‍ പാകിസ്ഥാനിലെ സാധാരണ പൗരന്മാര്‍ ഇരകളാകുന്നത് മറ്റൊരു ദുരന്തം കൂടി അവരെ വിടാതെ പിന്തുടരുന്നത് കൊണ്ടാണ്. അത് സ്വന്തം ഭരണാധികാരികളുടെ കെടുകാര്യസ്ഥതയും അഴിമതിയും തെറ്റായ സാമ്ബത്തികനയങ്ങളുമാണ്. രാജ്യത്തെ അതിസമ്ബന്നര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നടപടികളിലൂടെ ഭരണനേതൃത്വം ജനങ്ങളെ വെറും വിഡ്ഢികളാക്കി. രാജ്യത്തിന്റെ പണപ്പെരുപ്പം 25 മുതല്‍ 30 ശതമാനം വരെ എത്തി. അത്യാവശ്യ ഭക്ഷ്യവസ്തുക്കളുടെ വില 55 മുതല്‍ 60 ശതമാനം വരെ ഉയര്‍ന്നു. ഉള്ളി,ഗോതമ്ബ് തുടങ്ങിയവയുടെ വിലയും അസാധാരണമായി വര്‍ദ്ധിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമായി. മഹാമാരിയും യുക്രെയിന്‍ യുദ്ധവും ഒരുഭാഗത്ത് സമ്ബദ് വ്യവസ്ഥയെ പിന്നോട്ടടിച്ചപ്പോള്‍ മറുഭാഗത്ത് വര്‍ഷങ്ങളായി മാറിവന്ന ഭരണാധികാരികള്‍ പിന്തുടര്‍ന്ന ജനവിരുദ്ധനയങ്ങള്‍ പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കി.

ഇമ്രാന്‍ ഖാന്റെ നയാപാക്കിസ്ഥാന്‍വലിയ പരാജയമായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ഷഹബാസ് ഷരീഫ് കൂടുതല്‍ വെല്ലുവിളികള്‍ നേരിടുകയാണ്. ഒരു ഭാഗത്തു പാകിസ്ഥാന്‍ താലിബാന്‍ ഉയര്‍ത്തുന്ന തീവ്രവാദ ഭീഷണികള്‍ രാജ്യത്തെ കടുത്ത അരാജകത്വത്തിലേക്ക് നയിച്ചു (2022ല്‍ മാത്രം നൂറിലേറെ ആക്രമണങ്ങളാണ് അവര്‍ അഴിച്ചുവിട്ടത്). മറുഭാഗത്തു പ്രളയവും സാമ്ബത്തിക പ്രതിസന്ധിയും. പാകിസ്ഥാന്‍ ഇനി ശ്രീലങ്കയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമോ എന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്.

Related Articles

Back to top button