Latest

സുപ്രീം കോടതി വ്യവഹാരങ്ങൾ നേരത്തെ തുടങ്ങണമെന്ന് ജസ്റ്റിസ് യുയു ലളിത്

“Manju”

ന്യൂഡൽഹി: സുപ്രീം കോടതി വ്യവഹാരങ്ങൾ രാവിലെ നേരത്തെ തുടങ്ങണമെന്ന അഭിപ്രായവുമായി ജസ്റ്റിസ് യുയു ലളിത്. കുട്ടികൾക്ക് രാവിലെ ഏഴ് മണിക്ക് സ്‌കൂളിലേക്ക് വരാമെങ്കിൽ സുപ്രീം കോടതിയിലെ വ്യവഹാരങ്ങൾ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് യുയു ലളിത് പറഞ്ഞു. രാവിലെ ഏഴ് മണിക്ക് കുട്ടികൾക്ക് സ്‌കൂളിലെത്താം. അങ്ങനെയെങ്കിൽ ജഡ്ജിമാർക്കും അഭിഭാഷകർക്കും അവരുടെ ജോലികൾ രാവിലെ ഒമ്പത് മണിക്കെങ്കിലും ആരംഭിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു.

സാധാരണഗതിയിൽ 10.30നാണ് കോടതിയിലെ വ്യവഹാരങ്ങൾ ആരംഭിക്കുന്നത്. എന്നാൽ സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് ഇന്ന് രാവിലെ 9.30ഓടെ കേസ് പരിഗണിക്കാൻ ആരംഭിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് യുയു ലളിതിന്റെ പരാമർശം. മൂന്നംഗ ബെഞ്ചിൽ ജസ്റ്റിസ് യുയു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധൻഷു ധുലിയ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

ജാമ്യഹർജിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിന് മൂന്നംഗ ബെഞ്ച് നേരത്തെ എത്തി വാദം കേട്ടതോടെ മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്തഗി ബെഞ്ചിനെ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുയു ലളിത് തന്റെ വീക്ഷണം പങ്കുവെച്ചത്. കോടതി വ്യവഹാരങ്ങൾ നേരത്തെ ആരംഭിച്ചാൽ അന്നത്തെ ജോലികൾ പെട്ടെന്ന് തീരുകയും ജഡ്ജിമാർക്ക് നാളേക്കുള്ള കേസ് ഫയലുകൾ അന്ന് വൈകിട്ട് തന്നെ പരിശോധിക്കാനുള്ള സമയം ലഭിക്കുമെന്നും യുയു ലളിത് അഭിപ്രായപ്പെട്ടു.

നിലവിലെ സാഹചര്യത്തിൽ രാവിലെ 10.30നാണ് സുപ്രീംകോടതി ആരംഭിക്കുക. വൈകിട്ട് നാല് മണിക്ക് അവസാനിക്കുകയും ചെയ്യും. യുയു ലളിതിന്റെ നിർദേശമനുസരിച്ച് ഒമ്പത് മണിക്ക് കോടതി ആരംഭിച്ചാൽ ഉച്ചഭക്ഷണത്തിനുള്ള ഇടവേള കുറച്ച് രണ്ട് മണിക്ക് കോടതി അവസാനിപ്പിക്കാമെന്നാണ് പറയപ്പെടുന്നത്.

Related Articles

Back to top button