IndiaKeralaLatest

കോവിഡ് ഭേദമായതിനു പിന്നാലെ പാവങ്ങളുടെ സൗജന്യ ചികിത്സയ്ക്ക് ആശുപത്രിയൊരുക്കി വ്യവസായി

“Manju”

സിന്ധുമോള്‍ ആര്‍

സൂററ്റ്: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന വ്യവസായി രോഗം ഭേദമായതിനു പിന്നാലെ പാവപ്പെട്ട രോഗികളുടെ സൗജന്യ ചികിത്സയ്ക്കായി ആശുപത്രിയൊരുക്കി. സൂററ്റിലെ കാദര്‍ ഷെയ്ഖ് എന്ന 63കാരനാണ് പാവപ്പെട്ട രോഗികള്‍ക്കായി ആശുപത്രി ഒരുക്കിയിരിക്കുന്നത്.

ഒരു മാസം മുമ്പാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ കാദര്‍ ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ലക്ഷങ്ങളാണ് ആശുപത്രിയില്‍ ചിലവായത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം പാവപ്പെട്ടവരായ രോഗികളെ കുറിച്ച്‌ ചിന്തിച്ചത്. രോഗം ഭേദമായി ആശുപത്രി വിട്ടതിന് തൊട്ടുപിന്നാലെ അദ്ദേഹം ആശുപത്രി ഒരുക്കുന്നതിനായി പ്രവര്‍ത്തിച്ചു. ശ്രേയാം കോംപ്ലക്സിലുള്ള 30,000 സ്ക്വയര്‍ഫീറ്റിലുള്ള ഓഫീസ് പാവപ്പെട്ട കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രിയായി മാറ്റുകയായിരുന്നു. 85 കിടക്കകളും ഓക്സിജന്‍ അടക്കം കോവിഡ് ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി.

സൂറത്തിലെ അദാജന്‍ പ്രദേശത്തെ 15 ഐസിയു കിടക്കകളുള്ള ഇവിടെ മെഡിക്കല്‍ സ്റ്റാഫുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനായി ഷെയ്ഖ് സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി (എസ്‌എംസി) കരാര്‍ ഒപ്പിട്ടു. സൂററ്റ് മുനിസിപ്പല്‍ കമ്മീഷണര്‍ ബി എന്‍ പാനി, എസ്‌എംസി ഡെപ്യൂട്ടി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. ആശിഷ് നായിക് എന്നിവര്‍ ഇവിടെ സന്ദര്‍ശിച്ച്‌ അംഗീകാരം നല്‍കി.

അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഇവിടെ പരിശോധന നടത്തി. ഷെയ്ക്കിന്റെ ചെറുമകള്‍ ഹിബയുടെ പേരിലാണ് ആശുപത്രി. വരും ദിവസങ്ങളില്‍ ആശുപത്രി പ്രവര്‍ത്തിച്ച്‌ തുടങ്ങുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ന്യൂസിവില്‍ ആശുപത്രി, സിമ്മര്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികള്‍ക്കാണ് ഇവിടെ സൗകര്യം ഒരുക്കുന്നതെന്നും അവര്‍ അറിയിച്ചു.

ഈ ആശുപത്രി എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഞാന്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളല്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. ഞാന്‍ കഠിനമായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സാമ്പത്തികമായി മെച്ചപ്പെട്ടു. നിലവിലെ ഈ സാഹചര്യത്തില്‍ ആവശ്യമുള്ളവരെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞാനും മൂന്ന് മക്കളും പാവപ്പെട്ടവരെ സഹായിക്കുന്നു. കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് ആശുപത്രി നിര്‍മിച്ചത്- അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പ്രത്യേക സൗകര്യം ഷെയ്ക്ക് ഒരുക്കിയിട്ടുണ്ട്. കൂടാതെ രോഗികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.

Related Articles

Back to top button