InternationalLatest

വിലപ്പെട്ടതെല്ലാം വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനം

“Manju”

ഇസ്ലാമാബാദ് : രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുവാനുള്ള ഓര്‍ഡിനന്‍സിന് പാകിസ്ഥാന്‍ കാബിനറ്റ് അംഗീകാരം നല്‍കി. കഴിഞ്ഞ വ്യാഴാഴ്ച ഫെഡറല്‍ കാബിനറ്റ് അംഗീകരിച്ച ഇന്റര്‍ഗവണ്‍മെന്റല്‍ കൊമേഴ്സ്യല്‍ ട്രാന്‍സാക്ഷന്‍സ് ഓര്‍ഡിനന്‍സ് 2022 അനുസരിച്ച്‌ സര്‍ക്കാര്‍ ആസ്തികളില്‍ സ്വകാര്യ വത്കരണത്തിന് വിദേശ രാജ്യങ്ങളെ അനുവദിക്കും. സര്‍ക്കാര്‍ കമ്ബനികളുടെ ആസ്തികളും ഓഹരികളും വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് തടയാനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
പാകിസ്ഥാന്റെ ഉടമസ്ഥതയിലുള്ള എണ്ണ, വാതക കമ്ബനികളുടെയും, പവര്‍ പ്ലാന്റുകളുടെയും ഓഹരികള്‍ യു എ ഇ അടക്കമുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് വില്‍ക്കാനാണ് ഇതിലൂടെ പാക് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദേശത്ത് നിന്നും 2.5 ബില്യണ്‍ യുഎസ് ഡോളര്‍ വരെ ഇങ്ങനെ സ്വരൂപിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു. യു എ ഇ അടുത്തിടെ പാകിസ്ഥാന് പുതിയ വായ്പ അനുവദിക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍പ് നല്‍കിയ വായ്പകളില്‍ തിരിച്ചടവിന് വീഴ്ച വരുത്തുന്നതിനാലാണ് ഇത്. ഇതോടെയാണ് രാജ്യത്തെ സര്‍ക്കാര്‍ കുത്തകയിലുള്ള ആസ്തികള്‍ വിദേശികള്‍ക്ക് വില്‍ക്കാന്‍ ആലോചിച്ചത്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും പുതിയ വായ്പകള്‍ പാകിസ്ഥാന് ലഭിക്കുവാനും ഇത് ആവശ്യമായിരുന്നു. സൗഹൃദ രാജ്യങ്ങളില്‍ നിന്ന് രാജ്യം 4 ബില്യണ്‍ യുഎസ് ഡോളര്‍ സ്വരൂപിച്ചതിന് ശേഷമേ പാകിസ്ഥാന് പുതിയ വായ്പ നല്‍കുന്നതിനെ കുറിച്ച്‌ ചിന്തിക്കുകയുള്ളു എന്ന് ഐ എം എഫ് പാക് സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതേസമയം പാക് രൂപയിലുണ്ടാവുന്ന ഇടിവും രാജ്യത്തിന് തലവേദനയാവുകയാണ്. ഈ ആഴ്ച പാക് കറന്‍സി മൂല്യത്തിന്റെ 8.3 ശതമാനം ഇടിഞ്ഞു താണിരുന്നു. 1998 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ് പാക് രൂപ ഇപ്പോള്‍.

Related Articles

Back to top button