LatestThiruvananthapuram

ഓണകിറ്റ് : വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

“Manju”

ഓണകിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി ജി.ആര്‍ അനില്‍. 13 ഉല്‍പ്പന്നങ്ങളും തുണി സഞ്ചിയും ഉള്‍പ്പടെയാണ് വിതരണം ചെയ്യുന്നത്. മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. മുഖ്യമന്ത്രിയുടെ തീയതി ലഭ്യമായാല്‍ എഎവൈ കാര്‍ഡുകാര്‍ക്ക് ആദ്യം നല്‍കും. തുടര്‍ന്ന് നീല, വെള്ള കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യും. നിശ്ചയിച്ച തീയതിക്ക് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അവസാന നാലുദിവസം കിറ്റ് വാങ്ങാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം സപ്ലൈക്കോയുടെ ഓണക്കിറ്റില്‍ ഇപ്രാവശ്യവും കുടുംബശ്രീയുടെ മധുരം. കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശര്‍ക്കരവരട്ടിയും ചിപ്സും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിനായി 12 കോടി രൂപയുടെ ഓര്‍ഡറാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്. ഓണം അടുത്തതോടെ സര്‍ക്കാരിന്റെ ഓണക്കിറ്റിനൊപ്പം വിതരണം ചെയ്യാനുള്ള ചിപ്സും ശര്‍ക്കരവരട്ടിയും ഉണ്ടാക്കുന്ന തിരക്കിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. നേന്ത്രക്കായ ചിപ്സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാര്‍ പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിര്‍മ്മാണവും പാക്കിംഗും.

നൂറു ഗ്രാം വീതമുള്ള പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉള്‍പ്പെടെ 30.24 രൂപ നിരക്കില്‍ സംരംഭകര്‍ക്ക് ലഭിക്കും. സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകള്‍ വഴിയാണ് ഉല്‍പന്ന നിര്‍മാണവും വിതരണവും. ഈ മാസം ഇരുപതിനകം കരാര്‍ പ്രകാരമുള്ള അളവില്‍ ഉല്‍പന്ന വിതരണം പൂര്‍ത്തിയാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ കുടുംബശ്രീ വനിതാ കര്‍ഷക സംഘങ്ങളില്‍ നിന്നും പൊതുവിപണിയില്‍ നിന്നുമാണ് ഇതു സംഭരിക്കുന്നത്. ഉല്‍പന്നങ്ങള്‍ ഡിപ്പോയില്‍ എത്തിക്കുന്ന മുറയ്ക്ക് സപ്ളൈക്കോ നേരിട്ട് സംരംഭകരുടെ അക്കൗണ്ടിലേക്ക് പണം നല്‍കും.

Related Articles

Back to top button