IndiaLatest

സെപ്തംബറില്‍ പോഷകാഹാര മാസാചരണം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ പോഷകാഹാരക്കുറവിനെതിരെ സമൂഹ്യ അവബോധം സൃഷ്ടിക്കണമെന്നും ഇത് പരിഹരിക്കുന്നതിനായി സെപ്തംബര്‍ ഒന്നു മുതല്‍ 30വരെ പോഷകാഹാര മാസാചരണം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിമാസ മന്‍കി ബാത്ത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്ധ്യപ്രദേശ്, അസാം, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പോഷകാഹാരക്കുറവിനെ നേരിടാന്‍ വ്യത്യസ്തങ്ങളായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതേ മാതൃകയില്‍ പൊതുജന പങ്കാളിത്തവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ച്‌ പോഷകാഹാരക്കുറവ് പരിഹരിക്കണം. ഇതിനായി പ്രത്യേക കാമ്പെയിന്‍ സംഘടിപ്പിക്കണം.

വരുന്ന പുതുവര്‍ഷം തിനവിളകളുടെ അന്താരാഷ്ട്ര വര്‍ഷമായി ആഘോഷിക്കുമ്പോള്‍ നാമെല്ലാവരും ചേര്‍ന്ന് ഇതിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റണമെന്നും മോദി പറഞ്ഞു. രാജ്യത്ത് ജനങ്ങളുടെ ഇടയില്‍ തിന വിളകളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കണം. തിന വിളകള്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ്. വിള തയ്യാറാകാന്‍ കുറഞ്ഞ സമയം മതി. കൂടുതല്‍ വെള്ളം ആവശ്യമില്ല. പോഷാകാഹാര കുറവിനെതിരെ പോരാടാനും തിന വിളകള്‍ സഹായിക്കുന്നു. അത് കൊണ്ട് നാടന്‍ ധാന്യങ്ങള്‍ കൂടുതല്‍ ഉല്പാദിപ്പിക്കാനും അത് പ്രയോജനപ്പെടുത്താനും അഭ്യര്‍ത്ഥിക്കുന്നു.

2023 അന്താരാഷ്ട്ര തിന വിള വര്‍ഷമായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കി. ഇന്ത്യയുടെ ഈ നിര്‍ദ്ദേശത്തിന് 70 ലധികം രാജ്യങ്ങളുടെ പിന്തുണ ലഭിച്ചുവെന്നത് സന്തോഷകരമാണ്. –പ്രധാനമന്ത്രി പറഞ്ഞു.

അത് പോലെ ജലത്തിന്റെയും ജല സംരക്ഷണത്തിന്റെയും പ്രാധാന്യം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ സംസ്‌കാരത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഋഗ്വേദത്തില്‍ മനുഷ്യരാശിയുടെ ജീവദാതാവാണ് ജലം എന്ന് പറയുന്നു. ഇത്തവണ നമ്മുടെ രാജ്യത്ത് മുഴുവന്‍ അമൃത് മഹോത്സവത്തിന്റെ അമൃത് ഒഴുകുകയായിരുന്നു. രാജ്യത്തിന്റെ കൂട്ടായ ശക്തിയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. ശുചീകരണ യജ്ഞത്തിലും വാക്സിനേഷന്‍ കാമ്പെയിനിലും കണ്ട രാജ്യത്തിന്റെ ഉണര്‍വ് അമൃത് മഹോത്സവത്തിലും വീണ്ടും കാണാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button