KeralaLatestThiruvananthapuram

ഇനി പ്ളാസ്‌റ്റിക് മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് നേരിട്ട് ശേഖരിക്കും

“Manju”

തിരുവനന്തപുരം: നഗരത്തിലെ പ്ളാസ്‌റ്റിക് മാലിന്യത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ വീടുകളില്‍ വന്ന് മാലിന്യം നേരിട്ട് ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഒരു മാസത്തിനകം പദ്ധതിക്ക് ആരംഭമാകും. സ്‌മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പിലൂടെയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏറ്റവും അടുത്ത മാലിന്യ ശേഖരണ കേന്ദ്രം ആപ്പിലൂടെ അറിയാനാകും. നഗരസഭ മാലിന്യങ്ങള്‍ നിലവില്‍ ശേഖരിക്കുന്നത് മാലിന്യ ശേഖരണ പോയിന്റുകളില്‍ നിന്നാണ്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നഗരത്തില്‍ മാലിന്യ ശേഖരണവും സംസ്‌കരണവും വേണ്ടവിധം നടക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ മൂന്ന് മാസമായി നഗരത്തിലെ വീടുകളില്‍ നിന്നുള്ള മാലിന്യശേഖരണം തടസപ്പെട്ടിരിക്കുകയാണ്. വ്യാവസായിക നഗരം അല്ലാത്തതുകൊണ്ട് തന്നെ തലസ്ഥാന നഗരത്തില്‍ നിന്നുള്ള ഖരമാലിന്യത്തിന്റെ ഭൂരിഭാഗവും വീടുകളില്‍ നിന്നാണ്. ആകെയുള്ള മാലിന്യത്തിന്റെ പകുതിയില്‍ കൂടുതലും ജൈവമാലിന്യമാണ്. അവശേഷിക്കുന്നതില്‍ കടലാസും കാര്‍ഡ് ബോഡും പോലുള്ള അഴുകിപ്പോകുന്നതോ കത്തിച്ചുകളയാവുന്നതോ ആയവയാണ്. കുപ്പിച്ചില്ലും ലോഹഭാഗങ്ങളും മറ്റുമടങ്ങിയ പുനഃചംക്രമണം (റീസൈക്കിള്‍)​ ചെയ്യാവുന്ന വസ്തുക്കളുണ്ട്. വെട്ടിയിട്ട ചെടികളുടെയും മരങ്ങളുടെയും ഭാഗങ്ങളുണ്ട്. പ്ലാസ്റ്റിക് കൂടുകളും സഞ്ചികളും പ്ലാസ്റ്റിക് കുപ്പികളും മറ്റുമുണ്ട്. ഇതിലൊന്നുംഉള്‍പ്പെടാത്ത റബ്ബര്‍, തടി, തുണി, തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കളുമുണ്ട്.

പദ്ധതി പ്രകാരം ആഴ്ചയില്‍ ഒരിക്കല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 100 വാര്‍ഡുകളിലെയും വീടുകളിലെത്തി പ്ളാസ്‌റ്റിക് മാലിന്യം ശേഖരിക്കും. ഇതിനായി 1500 കുടുംബശ്രീ വോളന്റിയര്‍മാരെയാണ് കണ്ടെത്തിയിരിക്കുന്നത്. മാലിന്യം ശേഖരിക്കുമെന്ന് മാത്രമല്ല,​ മാലിന്യ സംസ്‌കരണത്തിനുള്ള സഹായവും ഇവര്‍ നല്‍കും. ശേഖരിക്കുന്ന പ്ളാസ്‌റ്റിക് മാലിന്യങ്ങള്‍ ഇവ സംസ്‌കരിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറും.

കഴിഞ്ഞ രണ്ട് മാസമായി നഗരസഭ പ്ളാസ്‌റ്റിക് മാലിന്യം ഒന്നുംതന്നെ ശേഖരിക്കുന്നില്ല. മാര്‍ച്ചിന് ശേഷം ഇതുവരെ നേരാവണ്ണം മാലിന്യ ശേഖരണം നടന്നിട്ടില്ല എന്നതാണ് സത്യം. ഇതിന്റെ ഫലമായി പ്ളാസ്റ്റിക് കുന്നുകൂടുകയും കൊതുകുകള്‍ പെരുകാനും തുടങ്ങി. കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രതിദിനം ശരാശരി 21 ടണ്‍ പ്ളാസ്റ്റിക് മാലിന്യം ഉണ്ടാകുന്നുവെന്നാണ് കണക്ക്. ആകെ രൂപപ്പെടുന്ന ഖരമാലിന്യങ്ങളുടെ 40 ശതമാനവും പ്ളാസ്റ്റിക് മാലിന്യങ്ങളാണ്. നഗരപരിധിയിലെ ഓരോ വീടുകളിലും പ്രതിദിനം 1.5 കിലോ പ്ളാസ്റ്റിക് മാലിന്യം ഉണ്ടാകുന്നെന്നാണ് പഠനങ്ങളില്‍ പറയുന്നത്. അതായത് പ്രതിമാസം ഉണ്ടാകുന്ന പ്ളാസ്റ്റിക് മാലിന്യം മാത്രം 400 മുതല്‍ 450 ടണ്‍ വരും.

Related Articles

Back to top button