LatestThiruvananthapuram

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍

“Manju”

തിരുവനന്തപുരം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനിലും ലഭ്യമാകും. പൊതുജനങ്ങള്‍ക്ക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെയും പദ്ധതികളെയും കുറിച്ചറിയാന്‍ ഇനി ഓഫീസില്‍ നേരിട്ട് എത്തേണ്ടതില്ല. ഒക്ടോബര്‍ 1 മുതല്‍ 500 ല്‍ അധികം ഓണ്‍ലൈന്‍ സേവനങ്ങള്‍ കേരളത്തിലുള്ളവര്‍ക്കു ലഭ്യമാക്കിയ ‘ഇ-സേവനം’ എന്ന കേന്ദ്രീകൃത സര്‍വീസ് പോര്‍ട്ടലിലൂടെ ഡയറക്ടറേറ്റിന്റെ നൂറു ശതമാനം സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാണ്. വ്യവസായ ഡയറക്ടറേറ്റ് നല്‍കുന്ന 13 സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈന്‍ ആയിരിക്കുകയാണ്.

ഉത്പാദന മേഖലയിലുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി സാമ്പത്തിക സഹായം നല്കുന്ന സംരംഭക സഹായ പദ്ധതിയുടെയും ചെറുകിട യൂണിറ്റുകള്‍ക്ക് നല്‍കുന്ന മാര്‍ജിന്‍ മണി ഗ്രാന്‍ഡ് പദ്ധതിയുടെയും നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്കുള്ള പലിശയിളവ് പദ്ധതിയുടെയും വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. കൂടാതെ കോവിഡ് സാഹചര്യത്തില്‍ പ്രഖ്യാപിച്ച വ്യവസായ ഭദ്രത പലിശയിളവ് പദ്ധതിയുടെയും, പ്രവര്‍ത്തനരഹിതമായ എം.എസ്.എം. ഇ യൂണിറ്റുകള്‍ക്കുള്ള സഹായ പദ്ധതിയുടെയും, തകര്‍ച്ച നേരിടുന്ന പീഡിത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയുടെയും വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്.

കരകൗശല മേഖലയിലുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന ആശാപദ്ധതി നൈപുണ്യവികസന സൊസൈറ്റികള്‍ക്കുള്ള സഹായം, വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം വളര്‍ത്തുന്നതിനുള്ള സംരംഭകത്വ വികസന ക്ലബ്ബുകള്‍ക്കുള്ള സഹായം, എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും പോര്‍ട്ടലില്‍ ലഭ്യമാണ്. ലൂബ്രിക്കേറ്റിംഗ് ഓയില്‍, ഗ്രീസ് എന്നിവ നിര്‍മിക്കുന്നതിനും, വിതരണം ചെയ്യുന്നതിനുമുള്ള ലൈസന്‍സുകളും, അവയുടെ പുതുക്കലും, നിയന്ത്രിത അസംസ്‌കൃത വസ്തുക്കള്‍ക്കുവേണ്ട എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവക്കും ഇതുവഴി അപേക്ഷിക്കാം. വെബ്സൈറ്റിന്റെ വിലാസം http://industry.kerala.gov.in.

Related Articles

Back to top button