InternationalLatest

തുകയുടെ കോളത്തില്‍ അക്കൗണ്ട് നമ്പര്‍ അടിച്ചു ; ട്രാന്‍സ്ഫറായത് 57 കോടി

“Manju”

സിംഗപ്പൂര്‍ :ജീവനക്കാരന് സംഭവിച്ച വന്‍ അബദ്ധത്തെ തുടര്‍ന്ന് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് സ്ഥാപനമായ ക്രിപ്റ്റോ.കോമിന് നഷ്ടമായത് 57 കോടി രൂപ (1.05 കോടി ആസ്ത്രേലിയന്‍ ഡോളര്‍).
ആസ്ത്രേലിയയിലെ മെല്‍ബണിലുള്ള ഒരു യുവതിയുടെ അക്കൗണ്ടിലേക്കാണ് ഈ തുക ട്രാന്‍സ്ഫറായത്. തുക തിരിച്ചുപിടിക്കാനുള്ള നടപടികളിലാണ് കമ്പനി.
100 ആസ്ത്രേലിയന്‍ ഡോളര്‍ യുവതിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുണ്ടായിരുന്നു. എന്നാല്‍, ജീവനക്കാരന്‍ തുക രേഖപ്പെടുത്താനുള്ള കോളത്തില്‍ അബദ്ധത്തില്‍ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് വന്‍ തുക കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് ട്രാന്‍സ്ഫറായത്.
ഏഴ് മാസങ്ങള്‍ക്ക് മുമ്ബായിരുന്നു സംഭവം. ഇക്കാര്യം സ്ഥാപനം അറിയുന്നത് ഈയടുത്ത് ഓഡിറ്റിങ് പൂര്‍ത്തിയാക്കിയപ്പോള്‍ മാത്രമാണ്. തുടര്‍ന്ന് കമ്പനി നിയമനടപടികള്‍ക്ക് ഒരുങ്ങുകയായിരുന്നു.
വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ട്രാന്‍സാക്ഷനുകളിലുണ്ടാകുന്ന അബദ്ധങ്ങള്‍ തിരുത്താന്‍ ‘അണ്‍ഡു’ സൗകര്യമുണ്ട്. എന്നാല്‍, ഏഴ് മാസം മുമ്പ് നടന്ന ട്രാന്‍സാക്ഷനായതിനാല്‍ ഈ സൗകര്യം ലഭിച്ചില്ല.
വന്‍ തുക അക്കൗണ്ടിലെത്തിയ ആസ്ത്രേലിയന്‍ യുവതിയാകട്ടെ, അക്കൗണ്ടിലെത്തിയ പണത്തില്‍ ഒരു പങ്ക് പലവിധത്തില്‍ ചെലവഴിക്കുകയും ചെയ്തിരുന്നു. മെല്‍ബണില്‍ 13.5 ലക്ഷം ആസ്ത്രേലിയന്‍ ഡോളര്‍ (7.34 കോടി) രൂപ ചെലവിട്ട് അഞ്ച് ബെഡ്റൂം ഫ്ലാറ്റ് ഉള്‍പ്പെടെ വാങ്ങിയിരുന്നു. ഇതുള്‍പ്പെടെ വിറ്റ് കിട്ടുന്ന പണം കമ്പനിക്ക് തിരികെ നല്‍കാനാണ് വിക്ടോറിയയിലെ കോടതി നിര്‍ദേശിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് വീണ്ടും ഒക്ടോബറില്‍ പരിഗണിക്കും.

Related Articles

Back to top button