IndiaLatest

ഹൈവേ ‘ഉപരോധിച്ച്‌’ ആനകള്‍

“Manju”

സഹജീവികളോട് അപാരമായ കാരുണ്യവും സ്നേഹവുമുള്ള ജീവികളാണ് ആനകള്‍. ചത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ നടന്ന സംഭവം ആനകളുടെ പരസ്പര ഐക്യത്തിന്റെ നേര്‍ക്കാഴ്ച്ചയായി. 21 ആനകള്‍ കോര്‍ബയില്‍ മൂന്ന് മണിക്കൂറോളം ദേശീയപാതയില്‍ തടസമുണ്ടാക്കിയത് ഒപ്പമുള്ള ആനക്കുട്ടിയെ രക്ഷിക്കാനായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് കോര്‍ബ ജില്ലയിലെ കത്ഘോര വനത്തിന് സമീപമുള്ള ഹൈവേയിലൂടെ ആനക്കൂട്ടം കടന്നുപോകുമ്പോഴാണ് അപകടം നടന്നത്. റോഡരികിലെ വെള്ളം നിറഞ്ഞ കുഴിയില്‍ ആനക്കുട്ടി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആനക്കൂട്ടം കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ആനക്കൂട്ടം റോഡില്‍ തന്നെ നിലയുറപ്പിച്ചതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ മൂന്നുമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.

തുടര്‍ന്ന് വാഹന ഡ്രൈവര്‍മാരും മറ്റ് വഴിയാത്രക്കാരും പൊലീസിനെ വിവരം അറിയിച്ചു. ഗതാഗതക്കുരുക്കിനെക്കുറിച്ച്‌ കോര്‍ബ ജില്ലാ ഭരണകൂടത്തിന് വിവരം ലഭിച്ചയുടന്‍ വനം വകുപ്പിന്റെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. ഇവര്‍ തോട്ടില്‍ വീണ ആനക്കുട്ടിയെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. വനപാലകര്‍ ആനയുടെ കഴുത്തില്‍ കയര്‍ കെട്ടി എസ്‌കവേറ്റര്‍ ഉപയോഗിച്ച്‌ പുറത്തെടുക്കുകയായിരുന്നു.രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടിആനയുടെ അമ്മയും മറ്റ് ആനക്കൂട്ടവും ശാന്തരായി നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് തടസം നീങ്ങുകയും വാഹനങ്ങള്‍ പോകുകയും ചെയ്തു.

Related Articles

Back to top button