LatestThiruvananthapuramUncategorized

അച്ഛൻ ഗുരുവിനെക്കുറിച്ച് പറഞ്ഞതും സ്വന്തം അനുഭവവും പങ്കുവെച്ച് ജനനി കല്പന ജ്ഞാനതപസ്വിനി

“Manju”

പോത്തൻകോട് : “ഒരു സാധാരണ മനുഷ്യൻ, തേജോമയമായ രൂപം, വെള്ള വസ്ത്രം, പറയുന്നതെല്ലാം വിശ്വസിക്കാൻ പറ്റുന്ന രീതിയിലുള്ള സത്യങ്ങൾ” പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെത്തി ആദ്യമായി ഗുരുവിനെ കണ്ടു വന്നതിനു ശേഷം തന്റെ അച്ഛനായ ആമ്പാടി കൃഷ്ണപിള്ള പറഞ്ഞ വാക്കുകളാണിത്. ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികത്തോടനുബന്ധിച്ച് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ ” ഗുരുവുമായുള്ള അനുഭവം” പങ്കുവയ്ക്കുകയായിരുന്നു ജനനി കല്പന ജ്ഞാനതപസ്വിനി.

ആദ്യകാല ആശ്രമത്തിന്റെ ചിത്രവും സ്വന്തം അനുഭവങ്ങളും വിവരിച്ച ജനനിയുടെ വാക്കുകൾ ഓലക്കുടിലിന്റെ എളിമയെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. അച്ഛനോടോപ്പം ജോലിചെയ്തിരുന്ന ഒരാൾ പറഞ്ഞാണ് ഗുരുവിനെക്കുറിച്ച് ആദ്യമായി അറിഞ്ഞത്. ഗുരുവിനെ കാണാൻ പോയ അച്ഛന്റെ വാക്കുകൾ കേൾക്കാൻ രാത്രി നേരംവൈകിയും അമ്മയും സഹോദരങ്ങളോടുമൊപ്പം കുട്ടിയായ താനും കാത്തിരുന്നു. ചെറുപ്പം മുതൽ പ്രാർത്ഥനയും നിഷ്ഠയുമുള്ള കുടുംബമായിരുന്നു തന്റേതെന്നും നാരായണീയം ശ്ലോകം കേട്ടാണ് താൻ ഉറങ്ങിയിരുന്നതെന്നും ജനനി പറഞ്ഞു.

1982 ജൂലൈ 5 ന് ആശ്രമത്തിലെത്തി. ഓടിട്ട പ്രാർത്ഥനാലയം. സമീപത്തായി ഭക്ഷണശാല. നടുക്ക് ഒരു ഓലഷെഡ്. താഴെ വിരിച്ച വെള്ളമണലിൽ നിറയെ പ്രാവുകൾ. മരച്ചില്ലകളിൽ ഓടിക്കളിക്കുന്ന അണ്ണാൻ. കുടുംബാംഗങ്ങളോടൊപ്പം ആശ്രമത്തിലെത്തിയപ്പോൾ കണ്ട കാഴ്ചകളും ആദ്യമായി കഴിച്ച ഭക്ഷ്ണത്തിന്റെ രുചിയും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. പ്രാർത്ഥനാലയത്തിനു സമീപമുള്ള പർണ്ണശാലയിലെ വരാന്തയിൽ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു ഗുരു. എല്ലാവരും ഗുരുവിനെ നമസ്കരിച്ചു. പർണ്ണശാലയിൽ ഇട്ടിരുന്ന തടുക്കുകളിലേക്ക് ഞങ്ങൾ ഇരിക്കാൻ ഗുരു ആവശ്യപ്പെട്ടു. മൂന്ന് മണിക്കൂറോളം ഗുരു അന്ന് ഞങ്ങളോട് സംസാരിച്ചു. പിന്നീട് പലതവണ ആശ്രമത്തിലേക്ക് വന്നു. ഓരോ സന്ദർശനവും ഓരോ അനുഭവമായിരുന്നു. ഗുരുപൂജ ചെയ്യാൻ അനുവാദം ലഭിച്ചു. ഗുരുപൂജ ചെയ്തതിന്റെ അടുത്ത ദിവസം പ്രാർത്ഥനാസമയത്ത് ഗോളങ്ങളും പ്രകാശങ്ങളുമൊക്കെയായി ചില വർണ്ണകാഴ്ചകൾ കാണുകയും പെട്ടെന്ന് കണ്ണടയ്ക്കുകയും ചെയ്തു. കണ്ണടച്ചിട്ടും കാഴ്ചകൾ തുടർന്നതിനാൽ അച്ഛനോട് വിവരം പറഞ്ഞു. ഗുരുവിനെ കണ്ട് കാര്യം പറയാമെന്ന് അച്ഛൻ പറയുകയും 11 വയസ്സുള്ള തന്നെയും കൂട്ടി ഗുരുവിന്റെ മുന്നിൽ എത്തുകയും ചെയ്തു. ഇത് ദർശനവശമാണെന്നും എങ്ങനെ സൂക്ഷിക്കണമെന്നും ഗുരു പറഞ്ഞു തന്നു. “ വിചാരിക്കുന്നതിനെക്കാൾ വലിയ കാര്യങ്ങൾ ലോകത്തിനു വേണ്ടി ചെയ്യാൻ നിനക്ക് കഴിയും ” എന്ന് ഗുരു പറഞ്ഞു. പിന്നീട് ഒട്ടനവധി ദർശനക്കാഴ്ചകൾ കാണുകയും ഓരോ സമയത്തും ഗുരു അതിന്റെ അറിവും തിരുത്തും പകർന്നു നൽകുകയുമായിരുന്നുവെന്ന് ജനനി പറഞ്ഞു.

ഗുരുവിനോടോപ്പം യാത്രചെയ്തതിന്റെയും ഗുരു കാട്ടാക്കടയിലെ വീട്ടിൽ വന്നതിന്റെയും അനുഭവങ്ങൾ ജനനി ഗുരുധർമ്മപ്രകാശസഭ അംഗങ്ങളോട് പങ്കുവെച്ചു. ആശ്രമത്തിൽ സ്ഥിരമായി വന്നു നിൽക്കാൻ ആഗ്രഹം തോന്നിയതും ഗുരുവിന്റെ അനുവാദം ലഭിച്ച സമയത്ത് വരാൻ കഴിയാതിരുന്നതും പിന്നീട് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഗുരുവിന്റെ ശിഷ്യയായതും ജനനി വിവരിച്ചു. ജനനിയുടെ അച്ഛനായ ആമ്പാടി കൃഷ്ണപിള്ള ഗുരുവിനെ ദീർഘകാലം പരിചരിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഗുരുവിന് പലപ്പോഴും സ്വാന്തനമായിരുന്നു. ആശ്രമത്തിന്റെ ആദ്യകാല സെക്രട്ടറിയായും സാംസ്കാരിക വിഭാഗങ്ങളുടെ ചുമതലക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്. 2002 ജനുവരി 13 ന് അദ്ദേഹം ഗുരുജ്യോതിയിൽ ലയിച്ചു.

Related Articles

Back to top button