IndiaLatest

അംഗങ്ങള്‍ക്ക് 75 വയസ് പ്രായപരിധി അംഗീകരിച്ച്‌ സി.പി.ഐ

“Manju”

 

വിജയവാഡ (ആന്ധ്ര): ദേശീയ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്ക് 75 വയസ് പ്രായപരിധി നിബന്ധന അംഗീകരിക്കാന്‍ സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ധാരണയായി. ഇതിനായി പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ഭരണഘടനാ, പാര്‍ട്ടിപരിപാടി എന്നിവ സംബന്ധിച്ച കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമമായി അംഗീകരിക്കും. പ്രായപരിധി നടപ്പാക്കുന്നതിനെതിരെ ഉയര്‍ന്ന ഭേദഗതിനിര്‍ദ്ദേശങ്ങള്‍ പ്രതിനിധികള്‍ വോട്ടിനിട്ട് തള്ളി. ജില്ലാ സെക്രട്ടറിമാര്‍ക്ക് ഏര്‍പ്പെടുത്തിയ 65 വയസ് പ്രായപരിധി വ്യവസ്ഥ പാര്‍ട്ടി ഭരണഘടനയിലുള്‍പ്പെടുത്തില്ല. എന്നാല്‍ മാര്‍ഗരേഖയെന്ന നിലയ്ക്ക് ഇതിനകം സംസ്ഥാനങ്ങളില്‍ നടപ്പാക്കിയത് തുടരും. പാര്‍ട്ടി സെക്രട്ടറിമാര്‍ക്കും അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്കും കൗണ്‍സിലിലെ നാലില്‍ മൂന്ന് ഭൂരിപക്ഷമുണ്ടെങ്കില്‍ പ്രായപരിധിയില്‍ ഇളവാകാമെന്ന വ്യവസ്ഥയൊഴിവാക്കി. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ വിശകലന റിപ്പോര്‍ട്ട്, സംഘടനാ റിപ്പോര്‍ട്ട് എന്നിവ സംബന്ധിച്ചും പാര്‍ട്ടി പരിപാടിയും ഭരണഘടനയും സംബന്ധിച്ചും പ്രതിനിധികള്‍ നാല് കമ്മിഷനുകളായി തിരിഞ്ഞ് ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള ഡി.ബി. ബിനുവാണ് 75 വയസ് പ്രായപരിധി കര്‍ശനമാക്കുന്നതിനെതിരെ രംഗത്തെത്തിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ മൂന്നാം ടേമിലും സംസ്ഥാന സെക്രട്ടറിമാര്‍ക്ക് നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ നാലാം ടേമിലും തുടരാനനുവദിക്കുന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം കെ.. ഇസ്മായില്‍ കൊണ്ടുവന്നു. രണ്ടും വോട്ടിനിട്ട് തള്ളി. കേരളത്തില്‍ നിന്ന് കാനം രാജേന്ദ്രനും കെ. പ്രകാശ്ബാബുവും ഭരണഘടനാകമ്മിഷന്‍ ചര്‍ച്ചയെ നയിച്ചു. കരട് രാഷ്ട്രീയപ്രമേയ ചര്‍ച്ചയില്‍ വിശാല മതേതര ജനാധിപത്യ ബദലെന്നതിന് ഊന്നല്‍ നല്‍കിയാല്‍ മതിയെന്ന് ധാരണയായി. കോണ്‍ഗ്രസിന് അയിത്തമില്ലെങ്കിലും പേരെടുത്ത് പറയേണ്ടതില്ല.

മുന്നാക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമെന്ന വ്യവസ്ഥ സി.പി.ഐയുടെ പാര്‍ട്ടി പരിപാടിയില്‍ നിന്നൊഴിവാക്കണമെന്ന ഭേദഗതി നിര്‍ദ്ദേശം വി.എസ്. സുനില്‍കുമാര്‍ കൊണ്ടുവന്നു. പാര്‍ട്ടി പരിപാടിയും ഭരണഘടനയും സംബന്ധിച്ച കമ്മിഷനിലാണ് സുനില്‍കുമാര്‍ നിര്‍ദ്ദേശം വച്ചത്. കരട് രാഷ്ട്രീയപ്രമേയത്തിന്റെ കമ്മിഷനിലും ഇതേ നിര്‍ദ്ദേശം ചര്‍ച്ചയായി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചൂടേറിയ ചര്‍ച്ചയാണ് പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായത്. ഒടുവില്‍ പുതിയ ദേശീയ കൗണ്‍സില്‍ വിഷയത്തില്‍ അന്തിമതീരുമാനം എടുക്കട്ടെയെന്ന തീരുമാനത്തിലെത്തി. 2015ലെ പോണ്ടിച്ചേരി പാര്‍ട്ടി കോണ്‍ഗ്രസിലാണ് സാമ്ബത്തിക സംവരണ നിര്‍ദ്ദേശം സി.പി.ഐ പരിപാടിയിലുള്‍പ്പെടുത്തിയത്. കേരളത്തിലെ ഇടതുസര്‍ക്കാര്‍ ദേവസ്വംബോര്‍ഡ് നിയമനങ്ങളില്‍ ഇത് നടപ്പാക്കിയിരിക്കെ, സി.പി.ഐക്കകത്തുയരുന്ന പുതിയ തര്‍ക്കത്തിന് രാഷ്ട്രീയമാനമേറെയാണ്.

Related Articles

Back to top button