Latest

കോയമ്പത്തൂർ സ്ഫോടനം അന്വേഷണം എൻഐഎയ്‌ക്ക്;  സ്വാഗതം ചെയ്ത് കെ അണ്ണാമലൈ

“Manju”

ചെന്നൈ : കോയമ്പത്തൂർ സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയ ഡിഎംകെ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എന്നാൽ നിലവിൽ ഒരോ ദിവസം കഴിയുംതോറും സംസ്ഥാനത്ത് ക്രമസമാധാന നില മോശമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേസ് എൻഐഎയ്‌ക്ക് കൈമാറാനുള്ള തമിഴ്നാട് മുഖ്യമന്ത്രിയുടെ തീരുമാനത്തെ തങ്ങൾ സ്വാഗതം ചെയ്യുന്നു. സംഭവം നടന്ന ആദ്യ ദിവസം മുതൽ ഇത് തന്നെയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ ആദ്യ രണ്ട് ദിവസം സർക്കാർ സംഭവത്തെ സിലിണ്ടർ പൊട്ടിത്തെറിച്ചതായി ചിത്രീകരിക്കാൻ ശ്രമിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പത്രക്കുറിപ്പിലും അപകടത്തെ സിലിണ്ടർ സ്‌ഫോടനമായി അവർ ചിത്രീകരിച്ചു. എന്നാൽ പ്രതികളുടെ വാട്‌സാപ്പ് ചാറ്റുകൾ ഉൾപ്പെടെ ഇത് ചാവേർ ആക്രമണം എന്ന് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകരുന്ന സാഹചര്യമാണ് ഉള്ളത്. എല്ലാത്തരം ദേശവിരുദ്ധർക്കും സംസ്ഥാനത്ത് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എൻഐഎ പ്രതികളെ എല്ലാം അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോയമ്പത്തൂർ എന്നും തീവ്രവാദ സംഘങ്ങളുടെ പിടിയിലാണ്. ഇപ്പോൾ നടന്നതിന് സമാനമായ സ്‌ഫോടനം 1998-ൽ കോയമ്പത്തൂരിൽ നടന്നിരുന്നു. അന്ന് 50 ഓളം പേരെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് കോയമ്പത്തൂർ സ്ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് കേന്ദ്രസർക്കാരിന് കത്ത് നൽകിയത്. ഇതിന് പിന്നാലെ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് എൻഐഎക്ക് കൈമാറാൻ ശുപാർശ ചെയ്തതെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയിരുന്നു. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗവും തമിഴ്നാട്ടിൽ നടന്നിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ അദ്ധ്യക്ഷതയിൽ ചെന്നൈയിൽ ചേർന്ന യോഗത്തിൽ ഡിജിപി ശൈലേന്ദ്രബാബു ഐപിഎസ്, ചീഫ് സെക്രട്ടറി ഇറൈ അൻപ്, ആഭ്യന്തര സെക്രട്ടറി എന്നിവർ പങ്കെടുത്തു. യോഗം നടന്നതിന് ശേഷമാണ് കേസ് എൻഐഎക്ക് കൈമാറാൻ ശുപാർശയുണ്ടായത്.

Related Articles

Back to top button