IndiaLatest

 കളക്ടറുടെ അഭ്യര്‍ത്ഥന; വിദ്യാര്‍ത്ഥിനിയുടെ പഠന ചിലവ് ഏറ്റെടുത്ത് അല്ലു അര്‍ജുന്‍

“Manju”

ആലപ്പുഴ: സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് തുടര്‍ പഠനം നിലച്ച വിദ്യാര്‍ത്ഥിനിയ്‌ക്ക് കൈത്താങ്ങായി തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. വിദ്യാര്‍ത്ഥിനിയുടെ തുടര്‍പഠനത്തിനായുള്ള ചിലവ് അല്ലു അര്‍ജുന്‍ ഏറ്റെടുക്കും. ആലപ്പുഴ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അദ്ദേഹം വിദ്യാര്‍ത്ഥിനിയുടെ പഠന ചിലവ് ഏറ്റെടുക്കുന്നത്.

പ്ലസ് ടുവില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥി കൃഷ്ണ തേജയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതോടെയാണ് ഇക്കാര്യം അദ്ദേഹം അല്ലു അര്‍ജുനെ അറിയിച്ചത്. ‘വി ആര്‍ ഫോര്‍ ആലപ്പി’ എന്ന പദ്ധതിയുടെ ഭാഗമായാണ് അല്ലു അര്‍ജുന്‍ പഠന ചിലവ് ഏറ്റെടുത്തത്. പ്ലസ്ടുവില്‍ 92 ശതമാനം മാര്‍ക്കോടെ പാസ്സായ വിദ്യാര്‍ത്ഥിനിയുടെ ലക്ഷ്യം നഴ്‌സിംഗ് ആണ്.

മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം അവസാനിച്ചതിനാല്‍ മാനേജ്‌മെന്റ് സീറ്റിലേക്കായിരുന്നു വിദ്യാര്‍ത്ഥിനി അപേക്ഷ നല്‍കിയത്. ഇതേ തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്‌സിംഗ് കോളേജില്‍ സീറ്റ് ലഭിക്കുകയും ചെയ്തു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ വന്‍ തുക ആവശ്യമാണ്. ഇത് നല്‍കാന്‍ മാര്‍ഗ്ഗമില്ലാതെ ആയതോടെയാണ് വിദ്യാര്‍ത്ഥിനി മാതാവിനും, സഹോദരനുമൊപ്പം കളക്ടറെ കാണാന്‍ എത്തിയത്. വിദ്യാര്‍ത്ഥിനിയുടെ നാല് വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെയാണ് അല്ലു അര്‍ജുന്‍ വഹിക്കുക.
കൃഷ്ണ തേജ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അല്ലു അര്‍ജുന്‍ പഠന ചിലവുകള്‍ ഏറ്റെടുത്ത വിവരം അറിയിച്ചത്. അല്ലു അര്‍ജുന്റെ ഉറപ്പ് ലഭിച്ചതിന് പിന്നാലെ കൃഷ്ണ നേരിട്ട് ചെന്നാണ് വിദ്യാര്‍ത്ഥിനിയെ കോളേജില്‍ ചേര്‍ത്തത്.

Related Articles

Back to top button