IndiaLatest

ബംഗാളില്‍ ഇനി ‘ബോസ്’ ഗവര്‍ണ്ണര്‍

“Manju”

ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണറായി കേരള കേഡര്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കോട്ടയം സ്വദേശിയുമായ സി.വി.ആനന്ദബോസിനെ (71) നിയമിക്കുമ്ബോള്‍ ബിജെപിയുടെ കേരളാ ഘടകമാണ് ഞെട്ടുന്നത്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയാകുന്ന ഒഴിവിലേക്കാണ് ബോസ് നിയമിതനാകുന്നത്.
ഏറ്റെടുക്കുന്നതും ഏല്‍പ്പിക്കപ്പെടുന്നതുമായ കാര്യങ്ങളില്‍ വ്യത്യസ്ത ആശയങ്ങളും പ്രവര്‍ത്തനരീതിയും ആവിഷ്‌കരിച്ചിരുന്ന ബോസ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ ഐക്യരാഷ്ട്രസംഘടന ‘ആനന്ദ ബോസ് മോഡല്‍’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ‘മാന്‍ ഓഫ് ഐഡിയാസ്’ എന്നും വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട് ആനന്ദബോസ് നടത്തിയ ചില പഠനവും റിപ്പോര്‍ട്ടുകളും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായി. അതിന് ശേഷം ആനന്ദബോസിനെ ബിജെപി സംസ്ഥാന നേതൃത്വം പരിപാടികളിലൊന്നും സജീവമായി പങ്കെടുപ്പിച്ചിരുന്നില്ല. അപ്പോഴും ഡല്‍ഹിയിലെ നേതൃത്വവുമായി ആനന്ദബോസ് അടുപ്പം തുടര്‍ന്നു. നിര്‍ണ്ണായക പദവിയാണ് കൊടുക്കുന്നതും. മണിപ്പുര്‍ ഗവര്‍ണര്‍ എല്‍.ഗണേശിനായിരുന്നു ഇതുവരെ ബംഗാളിന്റെ അധികച്ചുമതല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് നടത്തിയ നിയമനമാണ് ഇത്.
ബംഗാളില്‍ കേന്ദ്രത്തിന് ഏറെ താല്‍പ്പര്യങ്ങളുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രവുമായുള്ള പോര് ദേശീയ ശ്രദ്ധയില്‍ എത്താറുണ്ട്. ഗവര്‍ണ്ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണത്തില്‍ മമതയും പ്രത്യാക്രമണങ്ങള്‍ നടത്താറുണ്ട്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയാകും മുമ്ബ് മമതയുമായി ഏറ്റുമുട്ടലിലായിരുന്നു. അത്തരമൊരു സംസ്ഥാനത്തേക്കാണ് കേന്ദ്ര പ്രതിനിധിയുടെ റോളില്‍ ആനന്ദബോസ് എത്തുന്നത്. ബിജെപി ഏറെ താല്‍പ്പര്യങ്ങള്‍ വയ്ക്കുന്നിടത്ത് അതിവിശ്വസ്തനായതു കൊണ്ടാണ് ആനന്ദബോസിനെ അമിത് ഷാ നിയോഗിക്കുന്നതെന്നാണ് സൂചന. അതുകൊണ്ട് തന്നെ ആനന്ദബോസിന്റെ ബംഗാളിലെ ഓരോ നീക്കവും ശ്രദ്ധിക്കപ്പെടും.
ബംഗാളില്‍ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ അക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആനന്ദബോസിന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ ബിജെപി. നേതൃത്വം നിയോഗിച്ചിരുന്നു. അത്തരത്തിലൊരാളെ തന്നെ ബംഗാളിലെ ഗവര്‍ണ്ണറാക്കുന്നുവെന്നതാണ് ഏറ്റവും നിര്‍ണ്ണായകം. ചില ഉത്തരവാദിത്തങ്ങള്‍ ആനന്ദബോസിന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കേരളത്തിലെ ബിജെപി രാഷ്ട്രീയത്തിലും ഇനി ആനന്ദബോസിന് കൂടുതല്‍ റോളുണ്ടാകും. മോദിയും അമിത് ഷായുമായി അടുത്തു നില്‍ക്കുന്ന ആനന്ദബോസിനെ ഇനി ആരും കേരളത്തില്‍ അവഗണിക്കില്ലെന്നതാണ് വസ്തുത.
കേന്ദ്രസര്‍ക്കാരുമായും ബിജെപി നേതൃത്വവുമായും അടുത്ത ബന്ധമുള്ള ആനന്ദബോസ് ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. നിയമസഭ തെരെഞ്ഞടുപ്പില്‍ ബിജെപിയുടെ തോല്‍വിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയതും ആന്ദനബോസാണ്. 2017ല്‍ കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കേ ആനന്ദബോസിനെ ഗവര്‍ണറാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും കത്തുനല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. അതേസമയം ബിജെപിയുമായി തുറന്ന യുദ്ധത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനും മമതബാനര്‍ജിക്കും മോദിയുടെ വിശ്വസ്തന്‍ ഗവര്‍ണറായി വരുന്നത് കൂടുതല്‍ തലവേദനയുണ്ടാക്കുമെന്ന് ഉറപ്പാണ്.
ഐഎഎസ് 1977 ബാച്ച്‌ ഉദ്യോഗസ്ഥനായ ആനന്ദബോസ് കേരളത്തില്‍ വിവിധ ജില്ലകളില്‍ കലക്ടറും വിവിധ സ്ഥാപനങ്ങളുടെ മേധാവിയുമായി സേവനമനുഷ്ഠിച്ചു. ചീഫ് സെക്രട്ടറി റാങ്കില്‍ കേന്ദ്ര സെക്രട്ടറിയായാണ് വിരമിച്ചത്. യുപിഎ ഭരണകാലത്ത് നാഫെഡ് എംഡി, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍, സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍, റെയില്‍ സൈഡ് വെയര്‍ഹൗസിങ് കമ്ബനി ചെയര്‍മാന്‍, നാഷനല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എന്‍എംഐ) വൈസ് ചാന്‍സലര്‍, കേന്ദ്ര കൃഷി വകുപ്പ് അഡീഷനല്‍ സെക്രട്ടറി, കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സെക്രട്ടറി, വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചു.
ദേശീയ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലയിലിരിക്കെ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്ബത്തിന്റെ കണക്കെടുപ്പിനും മൂല്യനിര്‍ണയത്തിനുമായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സമിതിയുടെ തലവനായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ പാര്‍പ്പിട വിഭാഗമായ യുഎന്‍ ഹാബിറ്റാറ്റ് അലയന്‍സ് ചെയര്‍മാനായിരുന്നു. നിര്‍മ്മിതി കേന്ദ്രം ഡയറക്ടറായിരിക്കെ ചെലവുകുറഞ്ഞ പാര്‍പ്പിട നിര്‍മ്മാണ സമ്ബ്രദായം നടപ്പാക്കിയത് ആനന്ദബോസ് മാതൃകയെന്ന പേരില്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടി. ഇത് ചില വിവാദങ്ങളും ഉണ്ടാക്കി.
2019 ല്‍ ബിജെപിയില്‍ ചേര്‍ന്നു. മികച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്നു പേരെടുത്ത ബോസ് പ്രധാനമന്ത്രിയുടെ വികസന അജന്‍ഡ നടപ്പാക്കാനുള്ള വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാനുമായിരുന്നു. കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഏകാംഗ കമ്മിഷനായിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലുമായി 45ലേറെ പുസ്തകങ്ങളും നിരവധി ലേഖനങ്ങളുമെഴുതി. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പി. കെ.വാസുദേവന്‍നായരുടെയും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന സി.പത്മാവതിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: വസുദേവ് ബോസ് (വിദ്യാര്‍ത്ഥി). പരേതയായ നന്ദിനി ബോസ്.

Related Articles

Back to top button