IndiaKeralaLatest

സംസ്ഥാന ബജറ്റില്‍ പ്രാഖ്യാപനങ്ങള്‍ വാരിക്കോരി കൊടുക്കുമെന്ന്‌പ്രതീക്ഷിക്കാം.  എങ്ങനെ ?

“Manju”

തിരുവനന്തപുരം: പ്രളയം ഉലച്ച കോവിഡ് മഹാമാരി നട്ടെല്ലൊടിച്ച സമ്പദ് വ്യവസ്ഥയുടെ പശ്ചാത്തലത്തിലാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബജറ്റ് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കപ്പെടാന്‍ പോകുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രം അവശേഷിക്കുമ്പോബോള്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന് ബജറ്റ് ഒരു രാഷ്ട്രീയ ആയുധം കൂടിയാണ്. സ്വര്‍ണക്കള്ളക്കടത്ത്, ബിനീഷ് കോടിയേരി വിഷയങ്ങളില്‍ പെട്ട് വലഞ്ഞ സര്‍ക്കാരിനെ രക്ഷിച്ചത് കോവിഡ് കാലത്തെ കിറ്റ്ക്ഷേമപെന്‍ഷന്‍ വിതരണമാണെന്ന തിരിച്ചറിവില്‍ ഈ സര്‍ക്കാരിന്റെ അവസാനബജറ്റിലും അതിന്റെ ചുവട് പിടിച്ച്‌ വാരിക്കോരിക്കൊടുക്കാനുളള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ആനുകൂല്യങ്ങള്‍ എത്രയും വേഗം ജനങ്ങളുടെ കയ്യിലെത്തിച്ച്‌ പ്രിയം പിടിച്ചുപറ്റുന്ന തരത്തിലുള്ള പദ്ധതികളുടെ പെരുമഴയായിരിക്കും ബജറ്റിലുണ്ടാവുക. സാമൂഹ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നു എന്നതരത്തിലാകും ഇത്തരം പദ്ധതികള്‍ ബജറ്റില്‍ അവതരിപ്പിക്കപ്പെടുക എന്നാണ് സൂചന. എന്നാല്‍ സാമ്ബത്തിക സ്ഥിതി വളരെ പരിതാപകരമായിരിക്കുന്ന ഈ വേളയില്‍ എത്രകണ്ട് പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയും എന്ന സംശയം ഉയരുന്നുണ്ട്.

രണ്ടു പ്രളയങ്ങളും കോവിഡ് മഹാമാരിയും കൂടിചേര്‍ന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചിരുന്നു.അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം പ്രതിസന്ധികള്‍ ബജറ്റ് പ്രഖ്യാപനങ്ങളെ അട്ടിമറിക്കുന്നത് കഴിഞ്ഞ മൂന്നു വര്‍ഷമായി സ്ഥിരം കാഴ്ചയാണ്. ബജറ്റിന് പുറത്ത് കണ്ടെത്തുന്ന വരുമാനം കൊണ്ടാണ് സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെയെങ്കിലും മുന്നോട്ട് കൊണ്ടുപോകുന്നത്. എങ്കിലും ആരോഗ്യ കുടുംബക്ഷേമ കാര്യങ്ങളിലും പൊതുവിതരണമേഖലയിലും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.

ബജറ്റില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം : സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് താഴേക്ക് പോകുന്നുവെന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടാണ് ബജറ്റ് പ്രതീക്ഷകളെ കുറിച്ച്‌ പറയേണ്ടത്.കഴിഞ്ഞ വര്‍ഷത്തെ 6.49 ശതമാനത്തില്‍ നിന്ന് 3.45 ശതമാനത്തിലേക്ക് വളര്‍ച്ചനിരക്ക് കുറഞ്ഞിരിക്കുന്നത്.റവന്യൂ വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായി. കാര്‍ഷികമേഖലയടക്കം സംസ്ഥാനത്തിന്റെ സമ്ബദ് വ്യവസ്ഥയുടെ നട്ടെല്ലാകുന്ന എല്ലാ മേഖലകളും തകര്‍ച്ചയിലാണ്.ഈ സാഹചര്യത്തില്‍ വിവിധമേഖലകള്‍ കേന്ദ്രീകരിച്ചുള്ള പാക്കേജുകള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയേക്കും. ഗള്‍ഫ് അടക്കമുള്ള വിദേശമേഖലകളില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്ക് പുനരധിവാസത്തിനുള്ള പാക്കേജുകള്‍ ബജറ്റില്‍ ഉള്‍പ്പെട്ടേക്കാം. കോവിഡ് ജോലി നഷ്ടപ്പെടുത്തിയ സംസ്ഥാനത്തെ അസംഘടിതമേഖലയില്‍ ഉള്ളവരെയും പരിഗണിക്കേണ്ടതുണ്ട്. കോവിഡിലെ ലോക്ഡൗണില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് വരുമാനമില്ലാതെ വന്ന കച്ചവടക്കാര്‍ വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെ വലയുകയാണ്. അവരെ കരകയറ്റാനുതകുന്ന സമഗ്രപാക്കേജ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു.നാട്ടില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകിച്ച്‌ അസംഘടിതമേഖലയില്‍ ഉള്ളവര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടാകും എന്നും പ്രതീക്ഷയുണ്ട്. റവന്യൂ വരുമാനത്തില്‍ കനത്ത ഇടിവുണ്ടാകുമെങ്കിലും തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പുതിയ നികുതിഭാരം അടിച്ചേല്‍പ്പിക്കപ്പെടാന്‍ സാധ്യതയില്ല.കര്‍ഷകസമരത്തിന്റെ പശ്ചാത്തലം കൂടിയുള്ളതു കൊണ്ടും കാര്‍ഷികമേഖലയുടെ തകര്‍ച്ചയും കൊണ്ട് കര്‍ഷകക്ഷേമ പദ്ധതികള്‍ ബജറ്റില്‍ ഉറപ്പിക്കാം. തദ്ദേശതിരഞ്ഞെടുപ്പിലെ സര്‍ക്കാരിന്റെ തുറുപ്പ് ഗുലാനായ ക്ഷേമപെന്‍ഷനുകളിലെ വര്‍ധന ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒരിനമാണ്.ഇത്തവണ ബജറ്റിന്റെ ഹൈലൈറ്റുകളില്‍ ഒന്നു തന്നെയാണ് ക്ഷേമപെന്‍ഷനുകള്‍.ഇതിനെ മുന്‍കൂട്ടി കണ്ടാണ് യുഡിഎഫ് മുന്നോട്ട് വച്ച ന്യായ് പദ്ധതി.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6000 രൂപ ഉറപ്പ് നല്‍കുന്ന വാഗ്ദാനം മുന്നോട്ട് വച്ചിരിക്കുകയാണ് മുന്നണി.
അതേസമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിച്ച വന്‍പദ്ധതികള്‍ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും എന്നതില്‍ അനിശ്ചിതത്വമുണ്ട്. സര്‍ക്കാരിന്റെ പരിമിതമായ നികുതി വരുമാനം ക്ഷേമപദ്ധതികളിലേക്ക് വഴിതിരിച്ചുവടുന്ന സാഹചര്യത്തിലാണിത്. അവ മുന്നോട്ട് കൊണ്ടുപോകാന്‍ കിഫ്ബി അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാരിന് പറഞ്ഞുനില്‍ക്കാമെങ്കിലും അതു കടക്കെണി സൃഷ്ടിക്കും എന്ന പ്രതിപക്ഷആരോപണത്തിന് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും.മലയോര,തീരദേശ ഹൈവേകള്‍,കോവളം ബേക്കല്‍ ജലപാത, അതിവേഗ റെയില്‍ പാത, ട്രാന്‍സ്ഗ്രിഡ്,റെയില്‍ ഓവര്‍ ബ്രിഡ്ജുകള്‍ തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും.എങ്ങനെ അധിക വിഭവസമാഹരണം നടത്തും എന്നതും സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളിയാണ്.

Related Articles

Back to top button