IndiaLatest

ജീന്‍സ് ധരിച്ചതിന് പരിഹസിച്ച യുവാവിനെ നടുറോഡില്‍ മര്‍ദിച്ച്‌ പെണ്‍കുട്ടി

“Manju”

ഛത്തീസ്ഗഡ്: ജീന്‍സ് ധരിച്ചതിന് കളിയാക്കിയ യുവാവിനെ നടുറോഡില്‍ കൈകാര്യം ചെയ്ത് പെണ്‍കുട്ടി. ഛത്തീസ്ഗഡിലെ ധംതരി ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ വൈറലാകുന്നുണ്ട്. അപമര്യാദയായി പെരുമാറിയ യുവാവിനെ പെണ്‍കുട്ടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. യുവാവിന്റെ കോളറില്‍ കുത്തിപ്പിടിച്ച്‌ പെണ്‍കുട്ടി അടിക്കുന്നതാണ് ദൃശ്യങ്ങളില്‍. ചവിട്ടുകയും ചെയ്യുന്നുണ്ട്. ജില്ലയില്‍ നടന്ന ഒരു മേളയ്ക്കിടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. മേള കാണാനെത്തിയ പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തെപ്പറ്റി യുവാവ് എന്തോ കമന്റ് പാസാക്കി. ഇത് കേട്ട പെണ്‍കുട്ടി മോശം പെരുമാറ്റത്തിന് യുവാവിനെ കൈകാര്യം ചെയ്യുകയായിരുന്നു. നിരവധി ആളുകള്‍ സംഭവത്തിന് സാക്ഷികളായി നില്‍ക്കുന്നുണ്ടെങ്കിലും പ്രശ്നത്തില്‍ ഇടപെടാനോ പിടിച്ചു മാറ്റാനോ ശ്രമിക്കുന്നില്ല എന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ധംതരി എസ്പി ബിപി രാജ്ഭാനു പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ അവകാശങ്ങള്‍‌ സംബന്ധിച്ച്‌ ഇന്നത്തെ സ്ത്രീകള്‍ പൂര്‍ണ്ണ ബോധവതികളാണെന്നും തങ്ങള്‍ക്കെതിരെ അന്യായം നടക്കാന്‍ അവര്‍ അനുവദിക്കില്ലെന്നതിന് വ്യക്തമായ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണവും സംസ്കാരവും താരതമ്യം ചെയ്ത് തിരത്ത് സിംഗ് റാവത്ത് നടത്തിയ പ്രസ്താവന ഉയര്‍ത്തി വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ‘റിപ്പ്ഡ് ജീന്‍സ്’ ധരിച്ച ഒരു സ്ത്രീയെ മുന്‍നിര്‍ത്തി ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു റാവത്തിന്‍റെ ചോദ്യം.

ഇതെന്ത് സംസ്കാരമാണ്. ഇത്തരം വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ കുടുംബത്തിലെ കു‍ഞ്ഞുങ്ങള്‍ക്ക് എന്ത് തരത്തിലുള്ള ഒരു അന്തരീക്ഷമാണ് പ്രധാനം ചെയ്യുന്നത്’ എന്നായിരുന്നു പ്രസ്താവന. ഇത്തരം സ്ത്രീകള്‍ക്ക് സമൂഹത്തിന് മോശം സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ കടുത്തിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് ഛത്തീസ്ഗഡില്‍ നിന്നും ഇത്തരമൊരു റിപ്പോര്‍ട്ട് എത്തുന്നതെന്നും ശ്രദ്ധേയമാണ്.

Related Articles

Back to top button