Uncategorized

മാലിന്യം ശേഖരിക്കാന്‍ യൂസര്‍ഫീ നല്‍കണം

“Manju”

തിരുവനന്തപുരം : പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ ശേഖരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന യൂസര്‍ഫീസ് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കാന്‍ നിയമപ്രകാരം വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടത്തില്‍ ഇതുണ്ട്.
വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും 100 ശതമാനം യൂസര്‍ഫീ ശേഖരിക്കുന്നതിന് അനുയോജ്യമായ നടപടികള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സ്വീകരിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ക്കായി ഹരിതകര്‍മസേന നല്‍കുന്ന യൂസര്‍ ഫീ കാര്‍ഡ്/രസീതിന്റെ പകര്‍പ്പ് ലഭ്യമാക്കുന്നതിന് അപേക്ഷകനോട് നിര്‍ദേശിക്കാനാകുമെന്നും ഉത്തരവിലുണ്ട്. മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് 50 രൂപ യൂസര്‍ഫീസ് നല്‍കുന്നത് കൊള്ളയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.
മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പ്രചാരണമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകളിലെ സേവനത്തിന് ഹരിതകര്‍മസേനയ്ക്ക് ഫീസ് അടച്ച രസീത് നിര്‍ബന്ധമാണോയെന്ന ചോദ്യത്തിനുള്ള മറുപടി ഉയര്‍ത്തിയാണ് ദുഷ്പ്രചാരണം നടക്കുന്നത്. നിലവില്‍ അത്തരം നിയമങ്ങളോ ഉത്തരവുകളോ ഇല്ലെന്ന മറുപടി, ഹരിതകര്‍മസേനയ്ക്ക് പണം കൊടുക്കാന്‍ നിയമമില്ലെന്ന് തെറ്റായി വ്യാഖ്യാനിച്ചാണ് പ്രചാരണം നടത്തുന്നത്.
തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ മറുപടി നല്‍കിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കും. ഇതിന്റെ മറപിടിച്ച്‌ വ്യാജവാര്‍ത്തകളും നുണപ്രചാരണവും പടച്ചുവിടുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഡിജിപിക്ക് പരാതി നല്‍കിയതായും മന്ത്രി പറഞ്ഞു.

Related Articles

Back to top button