Uncategorized

എന്താണ് ഈ ബിഞ്ച് ഈറ്റിംഗ് ഡിസോര്‍ഡര്‍..

“Manju”

മാനസിക സമ്മര്‍ദ്ദം കൂടുമ്പോള്‍ ഓരോരുത്തരും പല രീതിയിലാകും പ്രതികരിക്കുക. വിഷാദമോ പിരിമുറുക്കമോ ഉണ്ടാകുമ്പോള്‍ അതിനെ മറികടക്കാന്‍ ഭക്ഷണം വാരിവലിച്ചു കഴിക്കുകയും പിന്നീട് അതില്‍ കുറ്റബോധം തോന്നുകയും ചെയ്യുന്നവരുണ്ട്. പിരിമുറുക്കം കൂടുമ്പോള്‍ പൊതുവേ എല്ലാവരിലും ഭക്ഷണത്തോടു താത്പര്യം കുറയുമെങ്കിലും ചിലരുടെ കാര്യത്തില്‍ നേരെ മറിച്ചാണ്. ഇതുമൂലമുള്ള പ്രശ്‌നങ്ങള്‍ വളരെയധികം ദോഷമുണ്ടാക്കും. അമിതമായി വണ്ണംവയ്ക്കുകയും പാര്‍ശ്വഫലങ്ങള്‍ സങ്കീര്‍ണമാകുകയും ചെയ്യും. പരീക്ഷക്കാലത്ത് ചില കുട്ടികളിലും പിരിമുറുക്കം കൂടുതലുള്ള ഐ.ടി രംഗത്തും മറ്റും ജോലി ചെയ്യുന്നവര്‍ക്കും ഈ പ്രശ്‌നങ്ങളുണ്ട്. ഭക്ഷണം വാരിവലിച്ചു കഴിക്കുന്നത് മറ്റുള്ളവര്‍ കാണുന്നതിലുള്ള നാണക്കേടും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് ഈ ശീലം അവസാനിപ്പിക്കണമെന്നു തീരുമാനിച്ചാലും കഴിയണമെന്നില്ല. ആരും കാണാതെ ഒളിച്ചു കഴിക്കുന്ന ശീലവും ഇത്തരക്കാരില്‍ കാണാറുണ്ട്. വാരിവലിച്ചു തിന്ന്‌ ബലൂണ്‍ പോലെ വീര്‍ക്കുന്ന രോഗാവസ്ഥകളുണ്ട്. ഭക്ഷണം ഉപേക്ഷിച്ച്‌ നൂലുപോലെ മെലിഞ്ഞു മൃതാവസ്ഥയില്‍ എത്തുന്നവരുമുണ്ട്. എല്ലാം മനസിന്റെ വികൃതികളാണ്.

വിശപ്പില്ലെങ്കിലും കുറഞ്ഞ സമയംകൊണ്ട് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ബിഞ്ച് ഈറ്റിംഗ് ഡിസോര്‍ഡര്‍ എന്നു പറയുന്നു. വയറുപൊട്ടും എന്നു തോന്നുംവരെ ഇവര്‍ കഴിച്ചുകൊണ്ടിരിക്കും. കൊളസ്‌ട്രോള്‍, പ്രമേഹം, അമിതവണ്ണം തുടങ്ങിയവയ്ക്ക് ഇതു കാരണമാകാം. ഒറ്റയ്ക്കിരുന്ന് കഴിക്കുന്നതും പിന്നീട് കുറ്റബോധം തോന്നുന്നതും ഇത്തരക്കാരുടെ ലക്ഷണങ്ങളാണ്. വാരിവലിച്ചു കഴിച്ചശേഷം വായില്‍ വിരലിട്ട് ഛര്‍ദ്ദിക്കുന്ന രീതി ചില രോഗാവസ്ഥയില്‍ കാണാം.

വിവാഹസദ്യയ്‌ക്കും മറ്റും പോയി കുറഞ്ഞസമയം കൊണ്ട് വാരിവലിച്ചു കഴിക്കുന്ന ശീലം വളര്‍ന്നു വരികയാണ്. ഒരുപാട് ഭക്ഷണസാധനങ്ങള്‍ നിറഞ്ഞ ബുഫെ രീതിയും അമിതഭക്ഷണശീലം വളര്‍ത്തുന്നു. ആരും ആസ്വദിച്ചു കഴിക്കുന്നില്ല. അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നത് ആഹാരസാധനങ്ങളോട് ഒരുതരം അടിമത്ത മനോഭാവം വളര്‍ത്തിയെടുക്കുന്നു. ഭക്ഷണത്തിനോടുള്ള ആസക്തി ചിലപ്പോള്‍ ഫുഡ് അഡിക്ഷന്‍ പോലെയുള്ള അവസ്ഥയില്‍ എത്തിച്ചേക്കാം. എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടേയിരിക്കുക എന്ന ശീലം ചില മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

എങ്ങനെ മാറ്റിയെടുക്കാം :
മാനസിക പിരിമുറുക്കത്തിന് അയവ് വരുത്താന്‍വേണ്ടി ഭക്ഷണത്തെ ആശ്രയിക്കുന്ന ശീലങ്ങള്‍ തിരിച്ചറിയുകയും, ഇച്ഛാശക്തിയോടെ മാറ്റിയെടുക്കുകയും ചെയ്യാം. ഏതു വൈകാരിക
സാഹചര്യത്തിലാണ് വാരിവലിച്ചു തിന്നുന്നത് എന്നതിനെക്കുറിച്ച്‌ മുന്‍ധാരണ ഉണ്ടാക്കിയെടുക്കണം. വിശപ്പുള്ളതുകൊണ്ടാണോ അതോ മാനസിക പ്രശ്‌നങ്ങള്‍ മൂലമാണോ എന്ന ഉത്തരം സ്വയം കണ്ടെത്തിയാല്‍ ആ ശീലം മാറ്റിയെടുക്കണമെന്ന ഉള്‍പ്രേരണയുണ്ടാകും.

ആധിക്ക് അറുതി വരുത്താന്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന ഘട്ടത്തില്‍ ശ്വസന വ്യായാമം ചെയ്‌തോ പാട്ടുകേട്ടോ മനസിനെ മാറ്റിയെടുക്കാം. മറ്റ് ആരോഗ്യകരമായ ഇഷ്ടങ്ങളിലേക്ക് മനസ് കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക.
വിരുന്നിനു പോകുമ്ബോള്‍ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ച്‌ നേരത്തേ ധാരണയുണ്ടാക്കാം. ഉള്ള വിഭവങ്ങള്‍ എല്ലാം കഴിക്കാതെ ആവശ്യമുള്ളത് വിശപ്പിനനുസരിച്ച്‌ കഴിക്കുക. വികല ഭക്ഷണ ശീലങ്ങളുടെ വിത്ത് വീഴാതിരിക്കാന്‍ ശ്രദ്ധിക്കാം.
ഭക്ഷണം സമയമെടുത്ത് ആസ്വദിച്ചു കഴിക്കാന്‍ ശ്രദ്ധിക്കുക. കഴിയുന്നത്ര കാലറിയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കുക.

നല്ല ഭക്ഷണം രുചിയോടെ നിയന്ത്രിതമായി കഴിക്കുന്നത് ഒരു മിടുക്കാണ്. വയറിന്റെയും വിശപ്പിന്റെയും തോത് അനുസരിച്ചാണ് ഇത് ചിട്ടപ്പെടുത്തുന്നത്. ആധിയെ കൊല്ലാന്‍ ആഹാരം കഴിച്ചാല്‍ അത് ആരോഗ്യത്തെ കൊല്ലും.

Related Articles

Back to top button