Uncategorized

ലോകകപ്പ് ഹോക്കിക്ക് ഇന്ന് തുടക്കം

“Manju”

15-ാമത് ലോകകപ്പ് ഹോക്കിക്ക് ഇന്ന് തുടക്കം. എല്ലാ ദിവസവും നാല് കളികളാകും ഉണ്ടാവുക. ഒഡിഷയിലെ ഭുവനേശ്വര്‍ സ്‌റ്റേഡിയം, റൂര്‍ക്കല ബിര്‍സാ മുണ്ട സ്‌റ്റേഡിയം എന്നിവടങ്ങളിലാകും മത്സരങ്ങള്‍ നടക്കുക. ചാമ്പ്യന്‍മാരായ ബല്‍ജിയം അടക്കം 16 ടീമുകളാണ് മത്സരത്തിന് അണിനിരക്കുന്നത്.

കഴിഞ്ഞ ദിവസം വര്‍ണാഭമായ ചടങ്ങുകളോടെ ലോകകപ്പ് ഉദ്ഘാടനം നടന്നു. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് ഠാക്കുര്‍, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് തയ്യിബ് ഇക്രം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആദ്യ പോരാട്ടം അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. ഉച്ചയ്ക്ക് ഒരുമണിക്കാണ് മത്സരം. വൈകിട്ട് മൂന്ന് മണിക്ക് ഓസ്ട്രേലിയ ഫ്രാന്‍സിനെയും അഞ്ച് മണിക്ക് ഇംഗ്ലണ്ട് വെയ്ല്‍സിനെയും എതിരിടും. ഇന്ത്യ-സ്പെയ്ന്‍ പോരാട്ടം രാത്രി 7 മണിക്ക് നടക്കും. ടീമുകളെ നാലു ഗ്രൂപ്പായി തിരിച്ചാണ് ഇത്തവണ മത്സരങ്ങള്‍. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ ക്വാര്‍ട്ടറിലെത്തും. നാലു ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് നേരിട്ട് ഏറ്റുമുട്ടി വീണ്ടും ക്വാര്‍ട്ടറിലെത്താന്‍ അവസരമുണ്ട്. 24നും 25നുമാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. 27ന് സെമിയും 29ന് ഫൈനലും നടക്കും.

Related Articles

Back to top button