Uncategorized

ജി20 ആരോഗ്യപ്രവര്‍ത്തക സമിതി യോഗം തിരുവനന്തപുരത്ത്

“Manju”

തിരുവനന്തപുരം: ജി20 ആരോഗ്യപ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത്. ജനുവരി 18 മുതല്‍ 20 വരെയാകും യോഗം നടക്കുക. ഇന്ത്യയുടെ ജി20 അദ്ധ്യക്ഷപദവി കാലയളവില്‍ നാല് ആരോഗ്യ പ്രവര്‍ത്തക സമിതി യോഗങ്ങളും ( എച്ച്‌ഡബ്ല്യൂജി) മന്ത്രിതല ആരോഗ്യ യോഗങ്ങളും(എച്ച്‌എംഎം) നടക്കും. തിരുവനന്തപുരം, ഗോവ, ഹൈദരാബാദ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് യോഗങ്ങള്‍ നടക്കുന്നത്.

ഓരോ ആരോഗ്യ പ്രവര്‍ത്തക സമിതി യോഗങ്ങളിലും ജി20 ചര്‍ച്ചകളെ സംബന്ധിച്ച്‌ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഡിജിറ്റല്‍ ഹെല്‍ത്ത്, വിവിധ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനുകള്‍, മരുന്ന് ഉത്പാദനവുമായി ബന്ധപ്പെട്ട് നടത്തുന്ന ഗവേഷണങ്ങള്‍, മെഡിക്കല്‍ ടൂറിസം തുടങ്ങിയവയാകും ഓരോ യോഗങ്ങളിലും ചര്‍ച്ച ചെയ്യുക.

ആരോഗ്യമേഖലയിലെ ടൂറിസം സാദ്ധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച ചര്‍ച്ചയാകും തിരുവനന്തപുരത്തെ ആദ്യ യോഗത്തില്‍ നടക്കുക. നേരത്തെ ജി20 അദ്ധ്യക്ഷ പദവി ഏറ്റെടുത്തിരുന്ന രാജ്യങ്ങള്‍ ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ പ്രാധാന്യവും യോഗത്തില്‍ ചര്‍ച്ചയാകും. വിശദമായ ചര്‍ച്ചകള്‍ നടത്തി ഉത്തേജനം നല്‍കേണ്ട മേഖലകള്‍ തിരിച്ചറിഞ്ഞ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് തീരുമാനം.

ആരോഗ്യ അടിയന്തര പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണം എന്നിവയാണ് പ്രവര്‍ത്തകസമിതി യോഗത്തിലെ ചര്‍ച്ചാ വിഷയങ്ങള്‍. കൂടാതെ സാര്‍വത്രിക ആരോഗ്യ പരിരക്ഷയ്ക്ക് സഹായമാകുന്നതിനും, ആരോഗ്യ പരിരക്ഷാസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഡിജിറ്റല്‍ ആരോഗ്യ നവീകരണവും പ്രതിവിധികളും ചര്‍ച്ചാ വിഷയമാകും. ജി20 അംഗരാജ്യങ്ങള്‍, പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങള്‍, വിവിധ അന്താരാഷ്‌ട്ര സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും.

Related Articles

Back to top button