Uncategorized

റിപ്പബ്ലിക് ദിന പരേഡ് ;സര്‍പ്രൈസ് ഒരുക്കി കേന്ദ്ര സര്‍ക്കാര്‍

“Manju”

രാജ്യത്ത് വി ഐ പി സംസ്‌കാരം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് അടുത്തിടെ അന്തരിച്ചപ്പോഴും ചടങ്ങുകള്‍ ബന്ധുക്കളില്‍ മാത്രം ഒതുക്കി ലളിതമായിട്ടാണ് നടത്തിയത്. ഇക്കാര്യം രാജ്യത്ത് ഏറെ ചര്‍ച്ചയായിരുന്നു. വരുന്ന റിപ്പബ്ലിക് ദിന പരേഡിലും വി ഐ പി സംസ്‌കാരത്തെ കയ്യകലത്തില്‍ നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 2023 റിപ്പബ്ലിക് ദിന പരേഡ് കാണാനെത്തുവര്‍ക്കുള്ള ഇരിപ്പിടത്തില്‍ മുന്‍ നിര റിക്ഷാ വലിക്കുന്നവര്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും, ശുചീകരണ തൊഴിലാളികള്‍ക്കുമായി ഒഴിച്ചിടും.

സാധാരണയായി വി വി ഐ പികളും, വി ഐ പികളുമാണ് മുന്‍നിരയില്‍ സ്ഥാനം പിടിക്കുന്നത്. പലപ്പോഴും മുന്‍പില്‍ സീറ്റ് ലഭിച്ചില്ലെന്ന പരാതികളും പ്രമുഖര്‍ ഉയര്‍ത്താറുണ്ട്. ഇതിന് അന്ത്യം കുറിച്ചുകൊണ്ടാണ് 2023 റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് മുന്‍നിരയില്‍ ഇരിപ്പിടം ഒരുക്കുന്നത്. പുതിയ പാര്‍ലമെന്റ് സമുച്ചയമായ സെന്‍ട്രല്‍ വിസ്റ്റ പ്രോജക്ടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും മുന്‍നിരയിലാവും സീറ്റൊരുക്കുക. ഇവരെയെല്ലാം പ്രത്യേക ക്ഷണിതാക്കളായാണ് കൊണ്ടുവരുന്നതെന്ന് പ്രതിരോധ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഈ വര്‍ഷം 45,000 സീറ്റുകളാണ് പരേഡിനായി ഒരുക്കിയിരുന്നത്.

സര്‍ക്കാര്‍ പരിപാടികളില്‍ സാധാരണക്കാരുടെ പങ്കാളിത്തം വിപുലപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സുപ്രധാനമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. രാജ്യത്തിന്റെ മിക്കയിടങ്ങളിലും പ്രധാന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം അത് യാഥാര്‍ത്ഥ്യമാക്കിയ തൊഴിലാളികളെ പ്രധാനമന്ത്രി നേരില്‍ കാണാറുണ്ട്. അവര്‍ക്കൊപ്പം ആഹാരം കഴിക്കുകയും, ഫോട്ടോ എടുക്കുകയും ചെയ്യുന്ന പതിവുമുണ്ട്.

നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷം പദ്മ അവാര്‍ഡുകളില്‍ നിന്നും വി ഐ പി സംസ്‌കാരം എടുത്തു കളഞ്ഞിരുന്നു. ഇതോടെ പത്മ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ സാധാരണക്കാരും ഇടം നേടി. റിപ്പബ്ലിക് ദിന പരേഡ് നടത്തുന്ന പാതയായ രാജ്പഥിനെ കഴിഞ്ഞ വര്‍ഷം മുതല്‍ കര്‍ത്തവ്യ പാത എന്നാണ് അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യ അതിഥി ഈജിപ്ത് പ്രസിഡന്റായ അബ്ദുല്‍ ഫത്താഹ് അല്‍സിസിയാണ്. ഈജിപ്തില്‍ നിന്നുള്ള 120 അംഗങ്ങള്‍ പരേഡില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.

Related Articles

Back to top button