IndiaInternationalLatest

രാജിവച്ച നഴ്‌സുമാര്‍ പ്രതിസന്ധിയില്‍

“Manju”

 

കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് രാജിവച്ച ഇരുനൂറിലധികം നഴ്‌സുമാര്‍ പ്രതിസന്ധിയില്‍. ഇത്രയും നാളത്തെ സെറ്റില്‍മെന്റ് തുക ലഭിക്കുന്നില്ലെന്നതാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്ന പ്രധാന പരാതി.
ഇത്രയും നാള്‍ ഓതറൈസേഷന്‍ നല്‍കുന്നതിനുള്ള അനുമതി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും നിഷേധിക്കപ്പെടുകയാണെന്നും നഴ്‌സുമാര്‍ പറയുന്നു.
രാജിവച്ച പലരുടെയും വിസാ കാലാവധിയും അവസാനിക്കാറായി. താത്കാലികമായി മൂന്ന് മാസത്തേക്ക് വിസ അടിച്ച് കൊടുത്തവരുണ്ടെങ്കിലും ഇനി അത് നല്‍കില്ലെന്നാണ് നഴ്‌സുമാര്‍ക്ക് അനൗദ്യോഗികമായി ലഭിച്ചിരിക്കുന്ന അറിയിപ്പ്.
ഇനി എങ്ങനെ തുടരാനാകുമെന്നതാണ് ഇവരുടെ മുന്നിലെ പ്രധാന ചോദ്യചിഹ്നം. ഓതറൈസേഷന്‍ നല്‍കുന്നതിനുള്ള അനുമതിയും ലഭിക്കാത്തതോടെ ആനുകൂല്യങ്ങള്‍ എങ്ങനെ നേടാനാകുമെന്നും ഇവര്‍ ചോദിക്കുന്നു.
രാജിവച്ച സാഹചര്യത്തില്‍ പലരും ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു. കുടുംബത്തെ നാട്ടിലേക്കും അയച്ച് സെറ്റില്‍മെന്റ് ലഭിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്. നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ സുഹൃത്തുകളുടെ താമസസ്ഥലത്താണ് ഇവരില്‍ പലരും കഴിയുന്നത്. എന്നാല്‍ ദീര്‍ഘകാലം ഇത്തരത്തില്‍ താമസിക്കാന്‍ കഴിയില്ലെന്ന പ്രായോഗികമായ ബുദ്ധിമുട്ടും ഇവര്‍ നേരിടുന്നുണ്ട്.
പണം കിട്ടാത്ത സാഹചര്യത്തില്‍ ഹോസ്റ്റലില്‍ കഴിയുന്ന നഴ്‌സുമാരുടെ സ്ഥിതിയും പരിതാപകരമാണ്. ഇത്തരത്തിലുള്ള വന്‍ പ്രതിസന്ധിയാണ് രാജിവച്ച ഇന്ത്യന്‍ നഴ്‌സുമാര്‍ അഭിമുഖീകരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 700-800 ആളുകള്‍ രാജിവച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതില്‍ ഇരുനൂറിലധികം പേരും ഇന്ത്യക്കാരാണ്.
ആരോഗ്യമന്ത്രാലയം, എംബസി എന്നിവയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരുടെ നിസഹകരണമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആരോപണം.

Related Articles

Back to top button