Uncategorized

ജി20 ‘ഇന്ത്യ എനര്‍ജി വീക്ക്’ യോഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

ന്യൂഡല്‍ഹി: ജി 20 ഇന്ത്യ എനര്‍ജി വീക്ക് (ഐഇഡബ്ല്യു) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ജി 20 അദ്ധ്യക്ഷതയ്‌ക്ക് കീഴില്‍ നടക്കുന്ന പ്രധാന യോഗമാണ് ഇന്ത്യ എനര്‍ജി വീക്ക് ഫെബ്രുവരി 6 മുതല്‍ 8 വരെ ബംഗളൂരുവില്‍ വച്ചാണ് യോഗം നടക്കുക. ത്രിദിന യോഗത്തില്‍ അമേരിക്കയും ചൈനയും റഷ്യയും ഉള്‍പ്പെടെ 34 രാജ്യങ്ങളിലെ ഊര്‍ജ മന്ത്രിമാരുടെയും 30,000 ഊര്‍ജ മേഖലയിലെ വിദഗ്ധരുടെയും 650 അന്താരാഷ്‌ട്ര കമ്പനികളുടെയും സാന്നിധ്യമുണ്ടാവുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.

80 സെഷനുകളിലായി 500 രാജ്യാന്തര പ്രഭാഷകര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന ഈ യോഗം വാര്‍ഷിക പരിപാടിയായി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വരും വര്‍ഷങ്ങളില്‍, ഊര്‍ജ്ജ ഉപഭോഗത്തിലും ഉല്‍പ്പാദനത്തിലും ലോക രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ മുന്നിലുണ്ടാവും. 2030ഓടെ ഹരിത ഊര്‍ജ്ജ മേഖലയിലെ ലോകത്തിന്റെ മൊത്തം വളര്‍ച്ചയുടെ 25 ശതമാനവും ഇന്ത്യയില്‍ നിന്നായിരിക്കും എന്നാണ് അന്താരാഷ്‌ട്ര ഊര്‍ജ ഏജന്‍സിയുടെ പുറത്തുവരുന്ന കണക്കുകള്‍.

അതേസമയം രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 100 പെട്രോള്‍ പമ്പുകളില്‍ നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഇ-20 പദ്ധതി പ്രധാനമന്ത്രി ആരംഭിക്കും. അതില്‍ ഇരുപത് ശതമാനം എത്തനോള്‍ കലര്‍ന്ന പെട്രോളുകളായി പമ്പുകളില്‍ വില്‍ക്കും. കരിമ്പിന് പകരം മുളയില്‍ നിന്ന് എത്തനോള്‍ ലഭ്യമാക്കാന്‍ രാജ്യം വളരെയധികം പരിശ്രമിക്കുന്നുണ്ട്. പ്രതിദിനം 30,000 ലിറ്റര്‍ ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ മുള അടിസ്ഥാനമാക്കിയുള്ള എത്തനോള്‍ റിഫൈനറി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എത്തനോള്‍ 20% മിശ്രിതം വരും വര്‍ഷങ്ങളില്‍ 80% ആയി വര്‍ദ്ധിപ്പിക്കും. ഈ സുപ്രധാന നടപടി നമ്മുടെ ഊര്‍ജ ഇറക്കുമതി ബില്‍ നേരിട്ട് കുറയ്‌ക്കുകയും ഇന്ത്യയെ ഹരിത ഇന്ധന കേന്ദ്രമാക്കുകയും മാറ്റുകയുമ ചെയ്യും. മലിനീകരണം കുറയ്‌ക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി.

ഇതിനുപുറമെ ഗാര്‍ഹിക ഉപയോഗത്തില്‍ സൗരോര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി സോളാര്‍ എനര്‍ജി കുക്കിംഗ് ടോപ്സ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും. എല്ലാ പ്രധാന നഗരങ്ങളിലും സബ്സിഡി നിരക്കിലുള്ള സോളാര്‍ കുക്കിംഗ് ടോപ്പുകള്‍ ലഭ്യമാക്കും. എല്‍പിജി വാതകത്തില്‍ നിന്ന് സൗരോര്‍ജ്ജത്തിലേക്ക് നീങ്ങാന്‍ ഈ സംരംഭം ആളുകളെ പ്രോത്സാഹിപ്പിക്കും. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നോ പോളീത്തിലീന്‍ ടെറഫ്താലേറ്റ് (പെറ്റ്) കുപ്പികളില്‍ നിന്നും ഫൈബര്‍ നിര്‍മ്മിക്കുന്ന ഒരു നൂതന പദ്ധതിയും ഇന്ത്യ എനര്‍ജി വീക്കില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഹൈഡ്രജന്‍ ബസുകളും ഇലക്‌ട്രിക് വാഹനങ്ങളും ഉള്‍ക്കൊള്ളുന്ന ഗ്രീന്‍ മൊബിലിറ്റി റാലി പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. 2070-ഓടെ ഇന്ത്യ കാര്‍ബണ്‍ ന്യൂട്രല്‍ ആകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Related Articles

Back to top button